[ad_1]
ബാക്കു : കസാഖ്സ്താനില്‍ അസര്ബെയ്ജാന് വിമാനം തകര്‍ന്നത് റഷ്യയുടെ ആക്രമണത്തെ തുടര്‍ന്നെന്ന് കണ്ടെത്തല്‍. വിമാനദുരന്തത്തെപ്പറ്റി അസര്ബെയ്ജാന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.
യുക്രെയ്ന് ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ റഷ്യ ഉപയോഗിക്കുന്ന പാന്റ്സിര്‍ -എസ് എന്ന വ്യോമപ്രതിരോധ സംവിധാനമാണ് അസര്ബെയ്ജാന് വിമാനത്തെ തകര്‍ത്തതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ സംഭവത്തില്‍ 38 പേരാണ് കൊല്ലപ്പെട്ടത്.
വിമാനം തെക്കന്‍ റഷ്യയിലെ ഗ്രോസ്നിയിലേക്ക് പറക്കവേ, അബദ്ധത്തില്‍ വിമാനത്തെ റഷ്യന്‍ സംവിധാനം ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. വിമാനം തകര്‍ന്നത് റഷ്യന്‍ ആക്രമണത്തിലാണെന്നാണ് പ്രാഥമിക നിഗമനമെന്ന് അമേരിക്കയും സ്ഥിരീകരിച്ചു. വിമാനത്തിന്റെ വാല് ഭാഗത്തിന് ആയുധം തട്ടിയപോലുള്ള കേടുപാടുകള്‍ സംഭവിച്ചതായി ചിത്രങ്ങളില്‍ നിന്നു വ്യക്തമാണ്.
അസര്‍ബെയ്ജാന്റെ തലസ്ഥാനമായ ബാക്കുവില്‍ നിന്നും റഷ്യയിലെ തെക്കന്‍ ചെച്നിയ പ്രദേശമായ ഗ്രോസ്നിയിലേക്ക് പറക്കവേയാണ് കസാഖ്സ്താനിലെ അക്തു നഗരത്തില്‍ വിമാനം തകര്‍ന്നുവീണത്. അതേ സമയം അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികരിക്കാനില്ലെന്നാണ് റഷ്യന്‍ നിലപാട്.
[ad_2]