രാജ്യാന്തര സ്വർണവില കൂപ്പുകുത്തി: സാധാരണക്കാർക്ക് ഗുണകരമാകുമോ?


ഡൊണാൾഡ് ട്രംപ് അമേരിക്കയിൽ അധികാരം ഉറപ്പിച്ചതിന് പിന്നാലെ രാജ്യാന്തര വിപണയിൽ സ്വർണവില കൂപ്പുകുത്തി. ഒറ്റ ദിവസംകൊണ്ട് ഔൺസിന് 80 ഡോളറിലധികം കുറവാണ് രേഖപ്പെടുത്തിയത്. ഒരുവേള ഒരുവേള വില 2,​647 ഡോളറിലേക്ക് കൂപ്പുകുത്തിയ സ്വർണം നിലവിൽ 2,​652 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞയാഴ്ച ഔൺസിന് 2,​790 ഡോളർ എന്ന സർവകാല റെക്കോർഡിലായിരുന്നു സ്വർണം. വെള്ളിവിലയിൽ നാല് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പൊതുവേ ഡോളറിനും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കിനും (ട്രഷറി ബോണ്ട് യീൽഡ്) കരുത്തേകുന്നതാണ്. ട്രംപ് ലീഡ് പിടിച്ചതോടെ യൂറോ, യെൻ തുടങ്ങിയ ആറ് മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 105.08 എന്ന ശക്തമായ നിലയിലെത്തി. കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതു വൈകാതെ 106 ഭേദിച്ചേക്കുമെന്ന വിലയിരുത്തൽ ശക്തമാണ്.

യുഎസ് സർക്കാരിന്റെ 10 വർഷ ട്രഷറി യീൽഡ് 4.455 ശതമാനം കടന്നു. ഇതും വൈകാതെ 4.5 ശതമാനം കവിയുമെന്നാണ് കരുതുന്നത്. ട്രംപിന്റെ കാലത്ത് സർക്കാരിന്റെ കടമെടുപ്പ് ഉയരാനുള്ള സാധ്യതയുമേറെയാണ്. ഫലത്തിൽ, ഡോളറിൽനിന്നും ബോണ്ടിൽനിന്നും മികച്ച നേട്ടം കിട്ടുമെന്നായതോടെ നിക്ഷേപകർ സ്വർണ നിക്ഷേപ പദ്ധതികളിൽനിന്നു പിൻമാറുന്നതാണ് വിലയിടിവിന് വഴിവച്ചത്. മാത്രമല്ല, ഡോളർ ശക്തി പ്രാപിച്ചതോടെ സ്വർണം വാങ്ങുക ചെലവേറിയതായതും വിലയിടിവിന് കളമൊരുക്കി.

അതേസമയം, അന്താരാഷ്ട്ര വിപണയിൽ സ്വർണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടം കേരളത്തിൽ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. രാജ്യാന്തര വിപണിയിൽ 80 ഡോളറോളം കുറഞ്ഞ സാ​ഹചര്യത്തിൽ കേരളത്തിൽ ​ഗ്രാമിന് 160 രൂപയുടെ വരെ ഇടിവുണ്ടാകേണ്ടതാണ്. എന്നാൽ, രൂപയ്ക്കെതിരെ ഡോളർ ശക്തമായത് സ്വർണത്തിന്റെ ഇറക്കുമതിച്ചിലവ് കൂട്ടാനിടയാക്കുമെന്ന് സാമ്പത്തിക വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെവന്നാൽ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന കുറവ് കേരളത്തിലെ ആഭരണപ്രേമികൾക്ക് ​ഗുണകരമാകില്ല.