പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 12 തെഹ്‌രീകെ താലിബാൻ തീവ്രവാദികൾ പിടിയിൽ : ഇവർ ആസൂത്രണം ചെയ്തത് വൻ ഭീകരാക്രമണ പദ്ധതികൾ


ലാഹോർ :  പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ ഭീകര സംഘടനയുടെ (ടിടിപി) 12 ഭീകരരെ  അറസ്റ്റ് ചെയ്തതായി പോലീസ്  അറിയിച്ചു.

ടിടിപി ഭീകരരെന്ന് സംശയിക്കുന്ന 12 പേരെ അറസ്റ്റ് ചെയ്തതിലൂടെ പഞ്ചാബിലെ ഒരു വലിയ ഭീകര പദ്ധതി പരാജയപ്പെടുത്തിയതായി പഞ്ചാബ് പോലീസിലെ കൗണ്ടർ ടെററിസം ഡിപ്പാർട്ട്‌മെൻ്റ് (സിടിഡി) പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ പ്രവിശ്യയിലെ വിവിധ ജില്ലകളിലായി 140 ഇൻ്റലിജൻസ് ഓപ്പറേഷനുകൾ നടത്തിയതായും ഇതിൽ ഭക്കർ, സർഗോധ, റഹീം യാർ ഖാൻ, ഫൈസലാബാദ്, ഷെയ്ഖുപുര, നങ്കന സാഹിബ്, ജാങ് എന്നിവിടങ്ങളിൽ നിന്നാണ് 12 ഭീകരരെ പിടികൂടിയതെന്നും സിടിഡി അറിയിച്ചു.

പ്രവിശ്യയിൽ ഭീകരർ അട്ടിമറി ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നതായും സിടിഡി പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി ഇവരെ അജ്ഞാത സ്ഥലത്തേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ആഴ്ച ലാഹോറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മിയാൻവാലി ജില്ലയിൽ ടിടിപി ഭീകരരെന്ന് സംശയിക്കുന്ന 10 പേരെ സിടിഡി സംഘം വെടിവച്ചു കൊന്നിരുന്നു.