ബെംഗളൂരു: ബ്രിട്ടനിലെ ചാൾസ് രാജാവ് ചികിത്സയ്ക്കായി ബെംഗളുരുവിലെത്തി. ബെംഗളൂരു വൈറ്റ്ഫീൽഡ് സൗഖ്യ ഹോളിസ്റ്റിക് ആൻഡ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സെന്ററിലാണ് ബ്രിട്ടീഷ് രാജാവ് എത്തിയത്. അർബുദ ചികിത്സയ്ക്കായാണ് ചാൾസ് രാജാവ് സൗഖ്യയിലെത്തിയത്.
രാജാവായതിനു ശേഷം ആദ്യമായാണ് ഇന്ത്യയിൽ എത്തിയതെങ്കിലും സ്വകാര്യസന്ദർശനമായതിനാൽ മറ്റു പരിപാടികൾ ഇല്ല. ഈ മാസം 30 വരെ ചികിത്സ തേടിയ ശേഷം മടങ്ങും. സ്കോട്‌ലൻഡ് യാർഡും സെൻട്രൽ ഇന്റലിജൻസും കർണാടക പൊലീസും ചേർന്നാണു സുരക്ഷ ഒരുക്കുന്നത്. സന്ദർശനത്തിനു മുന്നോടിയായി ഭാര്യ കാമില രാജ്ഞി ഒരാഴ്ച മുൻപു തന്നെ സൗഖ്യയിൽ എത്തിയിട്ടുണ്ട്.
കഴിഞ്ഞ 15 വർഷമായി ചാൾസിന്റെ ആരോഗ്യ കാര്യങ്ങളിൽ ഉപദേശം നൽകി വരുന്നയാളാണ് സൗഖ്യ മെഡിക്കൽ ഡയറക്ടർ ഡോ. ഐസക് മത്തായി നൂറനാൽ. ചാൾസ് രാജാവും ഭാര്യയും പതിവായി സൗഖ്യയിൽ ചികിത്സ തേടാറുമുണ്ട്. 2019 നവംബറിൽ 71-ാം ജന്മദിനം ആഘോഷിക്കാനാണ് ചാൾസ് ഇതിനു മുൻപ് ബെംഗളൂരുവിലെത്തിയത്.