പശ്ചിമേഷ്യയിലെ സംഘര്‍ഷം: ഗള്‍ഫിലെ വിമാന കമ്പനികള്‍ ആകാശ പാത മാറ്റുന്നു


ദോഹ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഖത്തര്‍ എയര്‍വെയ്സ് ഉള്‍പെടെ,ഗള്‍ഫിലെ പ്രമുഖ വിമാനക്കമ്പനികള്‍ യുദ്ധമേഖലകളിലെ ആകാശപാത ഒഴിവാക്കുന്നു.ദുബായില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ്, ഫ്ളൈ ദുബായ്, ഇത്തിഹാദ് എയര്‍വേസ്, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ വിമാനക്കമ്പനികള്‍ ഇറാഖിലെയും സിറിയയിലെയും വ്യോമാതിര്‍ത്തി ഒഴിവാക്കിയായിരിക്കും ഇനി സര്‍വീസ് നടത്തുക.സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ദൂരം പറക്കേണ്ടി വരുന്നതിനാല്‍ ഇത് വിമാനക്കമ്പനികള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും.

അതേസമയം,യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വിമാനക്കമ്പനികള്‍ റൂട്ട് മാറ്റി കൂടുതല്‍ ദൂരം പറക്കാന്‍ നിര്‍ബന്ധിതരാവുന്നത്. ഇന്ധനച്ചെലവ് കൂടുന്നതിനൊപ്പം ഈ വഴിതിരിച്ചുവിടലുകള്‍ യാത്രാ സമയത്തെയും ബാധിക്കും.

ഷിക്കാഗോ, മറ്റ് യു.എസ്. നഗരങ്ങള്‍ തുടങ്ങിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഇപ്പോള്‍ പുതിയ പാതയിലൂടെയാണ് സര്‍വീസ് നടത്തുന്നത്. ഫ്‌ളൈ ദുബായ്, എത്തിഹാദ് എയര്‍വേയ്സ് എന്നിവയും അപകടകരമായേക്കാവുന്ന വ്യോമാതിര്‍ത്തികള്‍ ഒഴിവാക്കി റൂട്ട് പുനഃക്രമീകരിച്ചാണ് ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നത്.

ദുബായിലേക്കും തിരിച്ചും നിരവധി പ്രതിദിന സര്‍വീസുകള്‍ നടത്തുന്ന ഖത്തര്‍ എയര്‍വേയ്സിനെയും സ്ഥിതിഗതികള്‍ ബാധിച്ചിട്ടുണ്ട്.സംഘര്‍ഷ ഒഴിവാക്കിയാണ് ഖത്തര്‍ എയര്‍വെയ്‌സും ദുബായ് വഴിയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്നത്.