ഹിസ്ബുല്ലയുടെ ശക്തി ക്ഷയിക്കുന്നു, ഹിസ്ബുല്ലയുടെ തലവനാകുമെന്ന് കരുതിയ ഹാഷിം സെയ്ഫുദ്ദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍



ബെയ്‌റൂട്ട്: ഹസന്‍ നസറുല്ലയ്ക്ക് ശേഷം ഹിസ്ബുല്ലയുടെ തലവനായി പരിഗണിക്കപ്പെട്ടിരുന്ന ഹാഷിം സെയ്ഫുദീനെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍. ബെയ്റൂട്ടില്‍ വ്യോമാക്രമണത്തില്‍ ഈ മാസം ആദ്യം വധിച്ചെന്നാണ് വെളിപ്പെടുത്തല്‍. നേതൃത്വം ഒന്നാകെ കൊല്ലപ്പെട്ടതോടെ പ്രത്യാക്രമണ ശേഷി തകര്‍ന്ന നിലയിലാണ് ഹിസ്ബുല്ല.

Read Also: ദാന ചുഴലിക്കാറ്റ്: 152 ട്രെയിനുകള്‍ റദ്ദാക്കി, അതീവ ജാഗ്രത നിര്‍ദ്ദേശം

മൂന്നാഴ്ച മുമ്പ് നടന്ന ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ തലവന്‍ ഹാഷിം സെയ്ഫുദ്ദീന്‍, ഹിസ്ബുല്ലയുടെ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് തലവന്‍ അലി ഹുസൈന്‍ എന്നിവരും മറ്റ് ഹിസ്ബുല്ല കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നു എന്നാണ് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചത്.

ഒക്ടോബര്‍ നാലിന് നടന്ന ആക്രണത്തിലാണ് സെയ്ഫുദ്ദീനെ കൊലപ്പെടുത്തിയത്. നേതൃനിരയിലുള്ളവര്‍ കൊല്ലപ്പെട്ടത് ഹിസ്ബുല്ലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. അതേസമയം സെയ്ഫുദ്ദീന്റെ മരണം സംബന്ധിച്ച് ഹിസ്ബുല്ലയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. ബെയ്‌റൂട്ടില്‍ ഇന്നലെയും ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തി. കരയുദ്ധം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുകയാണ്.

അതിനിടെ ബെയ്‌റൂട്ടില്‍ ഹിസ്ബുല്ലയുടെ വന്‍ സമ്പത്ത് കണ്ടെത്തി ഇസ്രായേല്‍ സേന അവകാശപ്പെട്ടു. ഒരു ആശുപത്രിക്ക് താഴെ സ്ഥിതി ചെയ്യുന്ന ബങ്കറില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ മൂല്യം വരുന്ന സ്വര്‍ണവും പണവും കണ്ടെത്തി. ബങ്കര്‍ ദീര്‍ഘകാലത്തേയ്ക്ക് ഒളിവില്‍ താമസിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഹിസ്ബുല്ലയുടെ കൊല്ലപ്പെട്ട നേതാവ് സയ്യിദ് ഹസ്സന്‍ നസ്രല്ലയാണ് അല്‍-സഹേല്‍ ഹോസ്പിറ്റലിനു താഴെയുള്ള ബങ്കര്‍ നിര്‍മ്മിച്ചതെന്ന് ഇസ്രായേല്‍ ചീഫ് സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.

എന്നാല്‍ ഇസ്രായേല്‍ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്ന് ആശുപത്രിയുടെ ഡയറക്ടര്‍ ഫാദി അലമേഹ് പറഞ്ഞു. ചികിത്സക്കായുള്ള സൌകര്യങ്ങള്‍ മാത്രമേ ആശുപത്രിയിലുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ ആക്രമണം നടത്താനിടയുള്ളതിനാല്‍ ആശുപത്രി ഒഴിപ്പിക്കുകയാണെന്നും അലമേഹ് വ്യക്തമാക്കി.