കസാന്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് പങ്ക് വഹിക്കാനാകുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്‍. ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇറാന്‍ പ്രസിഡന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്.
പശ്ചിമേഷ്യയിലെ എല്ലാ കക്ഷികളുമായും ഇന്ത്യയ്ക്കുള്ള നല്ല ബന്ധം ഉപയോഗിച്ച് സംഘര്‍ഷം ലഘൂകരിക്കാന്‍ ഇടപെടണമെന്ന് ഇറാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. മേഖലയിലെ സംഘര്‍ഷത്തില്‍ നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഇന്ത്യ അറിയിച്ചു. ഇന്ത്യയുടെ ശ്രമങ്ങളില്‍ സന്തോഷം അറിയിച്ച് വ്‌ളാഡിമിര്‍ പുടിനും രംഗത്ത് വന്നു. അതിനിടെ നാളെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.