അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേയ്ക്ക്: യുഎസില്‍ വൈദ്യുതിനിലയങ്ങളെ തകരാറിലാക്കുമെന്ന് മുന്നറിയിപ്പ്


അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേയ്ക്ക്, സൂര്യനില്‍ നിന്ന് പ്രവഹിക്കുന്ന ജ്വാലകള്‍ യുഎസില്‍ വൈദ്യുതിനിലയങ്ങളെ തകരാറിലാക്കുമെന്ന് മുന്നറിയിപ്പ്

കാലിഫോര്‍ണിയ: ഹെലെന്‍ ചുഴലിക്കാറ്റിന് പിന്നാലെ മില്‍ട്ടണ്‍ കൊടുങ്കാറ്റും ആഞ്ഞടിച്ച് പ്രതിസന്ധിലായ അമേരിക്കയെ കൂടുതല്‍ ഭീതിയിലാക്കി സൗരജ്വാല. സൂര്യനില്‍ നിന്ന് കഴിഞ്ഞ ദിവസമുണ്ടായ അതിശക്തമായ സൗരകൊടുങ്കാറ്റ് അമേരിക്കയില്‍ പവര്‍ഗ്രിഡുകള്‍ തകരാറിലാക്കിയേക്കാമെന്ന് യുഎസ് കാലാവസ്ഥ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. മില്‍ട്ടണ്‍ ചുഴലിക്കാറ്റ് കരതൊട്ട ഫ്‌ലോറിഡ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കൊടുങ്കാറ്റിനെ തുടര്‍ന്ന് നേരത്തെ തന്നെ വൈദ്യുതി ബന്ധം തകരാറിലായിരുന്നു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ ജിയോമാഗ്‌നറ്റിക് പ്രഭാവത്തിന് സാധ്യതയുണ്ട് എന്ന് യുഎസിലെ നാഷണല്‍ ഒഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. ഈ ആഴ്ച സൗരകൊടുങ്കാറ്റ് അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണിത്. ജിയോമാഗ്‌നറ്റിക് കൊടുങ്കാറ്റിനെ തുടര്‍ന്ന് താല്‍ക്കാലികമായി യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ തകരാറും റേഡിയോ സിഗ്‌നലുകളില്‍ പ്രശ്നങ്ങളും സംഭവിച്ചേക്കാം. അതിനാല്‍ വൈദ്യുതി നിലയങ്ങളും ബഹിരാകാശ പേടകങ്ങളും മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് എന്‍ഒഎഎയുടെ നിര്‍ദേശത്തില്‍ പറയുന്നു.

സൗരകൊടുങ്കാറ്റിനെ തുടര്‍ന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ ജിയോമാഗ്‌നറ്റിക് പ്രഭാവം കാലിഫോര്‍ണിയ അടക്കമുള്ള അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ആകര്‍ഷകമായ ധ്രുവദീപ്തിക്ക് കാരണമായി.

സൂര്യന്റെ ഉപരിതലത്തിലുണ്ടാവുന്ന വലിയ രീതിയിലുള്ള പൊട്ടിത്തെറികളാണ് സൗരകൊടുങ്കാറ്റുകള്‍ക്ക് കാരണമാകുന്നത്. ഭൂമിയിലേക്കടക്കം ധാരാളം ഊര്‍ജ്ജ കണികകളുടെ പ്രവാഹം ഇതിനെ തുടര്‍ന്നുണ്ടാകും. ഇവ ധ്രുവദീപ്തിക്ക് കാരണമാകുമെങ്കിലും അതേസമയം റേഡിയോ സിഗ്‌നലുകള്‍, പവര്‍ഗ്രിഡുകള്‍, ജിപിഎസ് അടക്കമുള്ള നാവിഗേഷന്‍ സിഗ്‌നലുകള്‍ എന്നിവ തകരാറിലാക്കാറുണ്ട്. അതിശക്തമായ സൗരകൊടുങ്കാറ്റുകളുടെ മാരത്തണ്‍ പ്രഭാവമാണ് ഈ ആഴ്ച ദൃശ്യമാകുന്നത്. ഇതിനാല്‍ ഇന്ത്യയിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്. വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതായി ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചിരുന്നു. സൗരകൊടുങ്കാറ്റുകള്‍ മനുഷ്യര്‍ക്ക് നേരിട്ട് യാതൊരു പ്രശ്‌നവും സാധാരണയായി സൃഷ്ടിക്കാറില്ല.