കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി: കൊല്ലപ്പെട്ടത് 13പേര്‍


ഇസ്ലാമാബാദ് ; കാമുകനുമായുള്ള വിവാഹം നടത്തി കൊടുക്കാത്ത വീട്ടുകാരെ വിഷം നല്‍കി കൊലപ്പെടുത്തി 18 കാരി. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഖൈര്‍പൂര്‍ ജില്ലയിലാണ് സംഭവം .

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് മാതാപിതാക്കളടക്കം 13 കുടുംബാംഗങ്ങളെ പെണ്‍കുട്ടിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത് .

സംഭവത്തില്‍ 18 കാരിയായ ഷൈസ്ത ബരോഹി , ബന്ധുവായ അമിര്‍ബക്ഷ് ബരോഹി എന്നിവരാണ് പിടിയിലായത് .മാതാപിതാക്കളെയും അഞ്ച് സഹോദരിമാരെയും മൂന്ന് സഹോദരന്മാരെയും, ഒരു കുട്ടി ഉള്‍പ്പെടെ 3 ബന്ധുക്കളെയുമാണ് ഇവര്‍ കൊലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് കൊലപാതകം നടന്നത് . ബന്ധുവായ അമീര്‍ ബക്ഷുമായി പ്രണയത്തിലായിരുന്നു ഷൈസ്ത . എന്നാല്‍ വീട്ടുകാര്‍ ഷൈസ്തയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഷൈസ്ത ഈ വിവാഹത്തെ എതിര്‍ത്തിരുന്നു.

അമീറുമായുള്ള ബന്ധത്തെ എതിര്‍ത്തതോടെ വീട്ടുകാരെ കൊലപ്പെടുത്താന്‍ ഷൈസ്ത തീരുമാനിക്കുകയായിരുന്നു . ഇതിനായി അമീറിന്റെ സഹായം തേടി. മരണം ഭക്ഷ്യവിഷബാധമൂലമാകാമെന്നാണ് ആദ്യം പോലീസ് കരുതിയത് . എന്നാല്‍ കൊല്ലപ്പെട്ടവര്‍ കഴിച്ച ഭക്ഷണസാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതില്‍ വിഷാംശം കലര്‍ന്നതായി വ്യക്തമായി. ഷൈസ്ത ഒഴികെയുള്ള മറ്റെല്ലാ അംഗങ്ങളും മരിച്ചെങ്കിലും അവര്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ഇതിനിടെ കാമുകനായ അമീര്‍ബക്ഷിനൊപ്പം ഷൈസ്ത ഒളിച്ചോടുകയും ചെയ്തു .

തുടര്‍ന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തു. താനാണ് റൊട്ടിമാവില്‍ വിഷം ചേര്‍ത്തതെന്നും,അമീറാണ് വിഷം വാങ്ങി നല്‍കിയതെന്നും ഷൈസ്ത പോലീസിനോട് വെളിപ്പെടുത്തി. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.