ബെയ്റൂത്ത്: ലെബനോന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍ കനത്ത വ്യോമാക്രമണം തുടര്‍ന്ന് ഇസ്രയേല്‍. വെസ്റ്റ് ബാങ്കില്‍ വിമാനത്താവളത്തിന് സമീപത്തടക്കം നടത്തിയ വ്യോമാക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഇന്നലെ രാത്രി. വിമാനത്താവളത്തിന് തൊട്ടടുത്ത് വരെ ബോംബുകള്‍ പതിച്ചതായാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചന.
ഹിസ്ബുല്ലയുടെ അടുത്ത തലവനാകുമെന്ന് കരുതപ്പെടുന്ന ഹാഷിം സെയ്ഫുദ്ദീന്‍ ഒരു ഭൂകമ്പ ബങ്കറില്‍ അടിയന്തര യോഗം വിളിച്ചുവെന്നും ഹിസ്ബുല്ലയുടെ ഉന്നത നോതാക്കളടക്കം ആ യോഗത്തില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിസ്ബുള്ള തലവനായിരുന്ന ഹസന്‍ നസ്റല്ലയുടെ ബന്ധുവും പിന്‍ഗാമിയുമായ ഹാഷിം സഫീദ്ദീന്‍ ഉള്‍പ്പടെ നിരവധി നേതാക്കള്‍ യോഗത്തിനെത്തിയിരുന്നു എന്നാണ് വിവരം. ഈ യോഗത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആക്രമണം ലക്ഷ്യം കണ്ടോ, നേതാക്കള്‍ കൊല്ലപ്പെട്ടോ എന്ന വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ബെയ്റൂത്തിന് തെക്ക് ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ വലിയ സ്ഫോടന പരമ്പരകള്‍ ഉണ്ടായി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ തുല്‍ക്കറില്‍ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് രാത്രി ബെയ്‌റൂത്തിലും വ്യോമാക്രമണം ഉണ്ടായത്.
ഇതിനിടെ ഹിസ്ബുല്ല തലവനായിരുന്ന ഹസന്‍ നസ്‌റല്ലയുടെ മരുമകന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഡമാസ്‌കസിലെ ഒരു റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹസന്‍ ജാഫര്‍ അല്‍ ഖാസിര്‍ കൊല്ലപ്പെട്ടതായാണ് സൂചന.