അമേരിക്കയെ പേപ്പട്ടിയെന്നും ഇസ്രയേലിനെ രക്തരക്ഷസ് എന്നും വിശേഷിപ്പിച്ച് അലി ഖമെനയി


ടെഹ്‌റാന്‍: അമേരിക്കക്കും ഇസ്രയേലിനുമെതിരെ ആഞ്ഞടിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമെനയി. അമേരിക്ക പേപ്പട്ടിയെന്നും ഇസ്രയേല്‍ രക്തരക്ഷസെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇറാന്‍ ഇസ്രയേലിനെതിരെ നടത്തിയ മിസൈലാക്രമണം പരിമിതമാണെന്നും ശത്രുവിന്റെ ലക്ഷ്യം മുസ്ലിം രാജ്യങ്ങള്‍ തിരിച്ചറിയണമെന്നും പറഞ്ഞ അയത്തൊള്ള, മുസ്ലിം രാജ്യങ്ങളോട് ഒന്നിച്ച് നില്‍ക്കാനും ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി നടത്തിയ വെള്ളിയാഴ്ച നമസ്‌കാരത്തിലായിരുന്നു ഖമെനയി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ടെഹ്‌റാനിലെ പള്ളിയിലാണ് അയത്തൊള്ള ജനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഇതിന് മുന്‍പ് റവല്യൂഷണറി ഗാര്‍ഡ്‌സ് കമ്മാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ യുഎസ് സൈനിക കേന്ദ്രം ആക്രമിച്ചതിന് പിന്നാലെ 2020 ജനുവരിയിലാണ് അദ്ദേഹം വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 ന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തില്‍ 1200 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മധ്യേഷ്യയിലാകെ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഈ സംഭവത്തിന് ഒരു വര്‍ഷം തികയാന്‍ മൂന്ന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഇറാന്റെ പരമോന്നത നേതാവ് വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ ഭാഗമായത്.