കൊടുങ്കാറ്റിന് പിന്നാലെ ആശുപത്രിയില്‍ തീ പടര്‍ന്നു, 9 പേര്‍ക്ക് ദാരുണാന്ത്യം


തായ്‌പേയ്: കൊടുങ്കാറ്റിന് പിന്നാലെ ആശുപത്രിയില്‍ തീ പടര്‍ന്നും 9 പേര്‍ക്ക് ദാരുണാന്ത്യം. തായ്‌വാന്റെ തെക്കന്‍ മേഖലയില്‍ വ്യാഴാഴ്ചയാണ് സംഭവം. ക്രാത്തോണ്‍ കൊടുങ്കാറ്റ് സാരമായി ബാധിച്ച പിംഗ്ടണ്‍ കൌണ്ടിയിലെ ആശുപത്രിയിലാണ് തീ പടര്‍ന്നത്. നേരത്തെ കൊടുങ്കാറ്റിന് പിന്നാലെ വലിയ രീതിയിലെ മണ്ണിടിച്ചിലും കൊടും മഴയും ശക്തമായ കാറ്റും ദ്വീപിനെ സാരമായി ബാധിച്ചിരുന്നു. തീ പടര്‍ന്നതിന് പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് 9 പേരും മരിച്ചത്. സംഭവത്തില്‍ വിശദമായ അന്വഷണം പുരോഗമിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമീപ മേഖലയില്‍ നിന്ന് എത്തിയ സൈനികരുടെ അടക്കം സഹായത്തോടെയാണ് അഗ്‌നിരക്ഷാ സേന ആശുപത്രി ജീവനക്കാരേയും രോഗികളേയും തീ പടരുന്നതിനിടെ പുറത്ത് എത്തിച്ചത്. അവശനിലയിലായ 176ഓളം രോഗികളെയാണ് പുറത്തെത്തിച്ച് ആംബുലന്‍സില്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയത്. കൊടും മഴയില്‍ ടാര്‍പോളിന്‍ കൊണ്ട് മറപിടിച്ചായിരുന്നു രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റിയത്.

മണിക്കൂറില്‍ 126 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ക്രാത്തോണ്‍ തുറമുഖ നഗരമായ കവോസിയുംഗില്‍ മണ്ണിടിച്ചിലിന് കാരണമായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായി വളരെ കുറഞ്ഞ വേഗതയില്‍ കിഴക്കന്‍ മേഖലയിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റ് ആയിരങ്ങളേയാണ് മലയോര മേഖലയില്‍ നിന്ന് മാറി പാര്‍ക്കുന്നതിന് നിര്‍ബന്ധിപ്പിച്ചിട്ടുള്ളത്. കൊടുങ്കാറ്റിന് പിന്നാലെ ഉയര്‍ന്ന തിരമാലകളും മഴയും മേഖലയിലെ ഗതാഗതം, വൈദ്യുതി ബന്ധം എന്നിവയെ താറുമാറാക്കിയിരിക്കുകയാണ്.