മെക്‌സിക്കോ: ലഹരി മുക്തി കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് യുവാവ്. നാല് പേര്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. മെക്‌സിക്കോയിലെ വടക്കന്‍ മേഖലയിലെ ഗ്വാനജുവാറ്റോയിലെ സാലാമന്‍ക നഗരത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റവരുടെ ആരോഗ്യ നിലയേക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
ഇത് ആദ്യമായല്ല മെക്‌സിക്കോയിലെ ലഹരി വിമുക്തി കേന്ദ്രത്തില്‍ അക്രമം ഉണ്ടാവുന്നത്. മെക്‌സിക്കോയില്‍ സ്വകാര്യ ലഹരിമുക്തി കേന്ദ്രങ്ങളില്‍ ഏറെയും അനധികൃതമായി നടത്തുന്നവയാണ്. ഇവയില്‍ പലതും അംഗീകാരവും സര്‍ക്കാരിന്റെ പിന്തുണയോ ഇല്ലാതെ നടത്തുന്നതിനാല്‍ പലപ്പോഴും അന്തേവാസികള്‍ക്ക് ശാരീരിക മാനസിക പീഡനങ്ങള്‍ നേരിടാറുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ലഹരി കാര്‍ട്ടലുകളുടെ ആക്രമണവും ഉണ്ടാവാറുണ്ട്. ജാലിസ്‌കോ ന്യൂ ജനറേഷന്‍ ലഹരി കാര്‍ട്ടലും സാന്റാ റോസാ ഡേ ലിമാ കാര്‍ട്ടലും തമ്മില്‍ സംഘര്‍ഷം പതിവായ മേഖലയിലാണ് ചൊവ്വാഴ്ച രാത്രി വെടിവയ്പുണ്ടായത്. മെക്‌സികോയില്‍ ഏറ്റവും അധികം കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് ഗ്വാനജുവാറ്റോ.