ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടെന്ന് സൂചന, കൊലപ്പെടുത്തിയത് വ്യോമാക്രമണത്തിലെന്ന് ഇസ്രയേല്‍ സൈന്യം
ടെല്‍ അവീവ് : ബെയ്‌റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്ത് നടത്തിയ ആക്രമണത്തില്‍ തലവന്‍ ഷെയിഖ് ഹസന്‍ നസ്‌റല്ലയെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശവാദം. ഇസ്രയേല്‍ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള സെക്രട്ടറി ജനറലാണ് ഹസന്‍ നസ്‌റല്ല. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളര്‍ത്തിയെടുത്തത് ഹസന്‍ നസ്‌റല്ലയാണ്. അബ്ബാസ്-അല്‍-മുസാവി കൊല്ലപ്പെട്ടപ്പോള്‍ 1992ല്‍ 32 ആം വയസില്‍ നേതൃത്വം ഏറ്റെടുത്താണ് ഹിസ്ബുല്ലയുടെ തലപ്പത്തേക്ക് ഷെയിഖ് ഹസന്‍ നസ്‌റല്ല എത്തിയത്.
ഇറാന്‍ പിന്തുണയോടെയാണ് ഹിസ്ബുല്ലയുടെ പ്രവര്‍ത്തനങ്ങള്‍. 18 വര്‍ഷമായി ഇസ്രയേല്‍ ഹസന്‍ നസ്‌റല്ലയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. പുറത്ത് വന്ന റിപ്പോര്‍ട്ട് ശരിയെങ്കില്‍ ഇറാന്‍ പിന്തുണയോടെ ഹിസ്ബുല്ല- ഇസ്രയേല്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിലേക്ക് പുതിയ സംഭവവികാസങ്ങള്‍ നയിക്കാനും സാധ്യതയുണ്ട്. എന്നാല്‍ വിവരം ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ സ്ഥിരീകരിച്ചിട്ടില്ല.
ലെബനനില്‍ വ്യോമാക്രമണം കടുപ്പിക്കുകയാണ് ഇസ്രായേല്‍. തെക്കന്‍ ബെയ്‌റൂട്ടില്‍ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല തലവന്‍ നസ്‌റല്ലയുടെ മകള്‍ സൈനബ് നസ്‌റല്ല കൊല്ലപ്പെട്ടതായും ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യം സംബന്ധിച്ച് ഇസ്രായേലോ ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ പ്രതികരിച്ചിട്ടില്ല.