ന്യൂയോര്‍ക്ക്: യു.എന്‍ സുരക്ഷ സമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് ഫ്രാന്‍സും ബ്രിട്ടനും. ഇന്ത്യയുടെ ഏറെക്കാലത്തെ ആവശ്യത്തെ ഫ്രാന്‍സ് പൂര്‍ണമായി പിന്തുണക്കുകയാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ചു.
Read Also: സത്യം പറയാന്‍ അന്‍വറിന് ഞങ്ങളുടെ എല്ലാ പിന്തുണയുമുണ്ടാകും: രാഹുല്‍ മാങ്കൂട്ടത്തില്‍
യുഎന്‍ രക്ഷാസമിതി സ്തംഭിച്ച അവസ്ഥയിലാണെന്നും പ്രാതിനിധ്യം വര്‍ധിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും മക്രോണ്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ പൊതുസമ്മേളനത്തിലാണ് മക്രോണ്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സുരക്ഷ സമിതി വികസിപ്പിക്കുന്നതിന് ഫ്രാന്‍സ് അനുകൂലമാണ്. ജര്‍മനി, ജപ്പാന്‍, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കും ആഫ്രിക്കയെ പ്രതിനിധീകരിച്ച് രണ്ട് രാജ്യങ്ങള്‍ക്കും സ്ഥിരാംഗത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, യു.എസ് എന്നിവയാണ് നിലവില്‍ സുരക്ഷ സമിതിയിലെ സ്ഥിരാംഗങ്ങള്‍.
ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിനുള്ള ശ്രമങ്ങള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും അറിയിച്ചിരുന്നു. ക്വാഡ് ലീഡേഴ്സ് ഉച്ചകോടിക്കിടെയാണ് ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണ അറിയിച്ചത്.