മൊസാദ് ആസ്ഥാനത്തേക്ക് ഹിസ്ബുള്ളയുടെ ബാലിസ്റ്റിക് മിസൈലുകൾ, ആകാശത്ത് വെച്ച് തകർത്ത് കരയുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ
ടെൽ അവീവ്: ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ലെബനനിൽ കരയാക്രമണം നടത്താൻ ഇസ്രയേൽ തയ്യാറെടുക്കുന്നെന്ന് റിപ്പോർട്ട്. ഇസ്രയേൽ സൈനിക മേധാവി ലഫ്റ്റനന്റ് ജനറൽ ഹെർസി ഹാലേവിയാണ് ലെബനനിൽ കരയാക്രമണത്തിന് സൈന്യം സജ്ജമാണെന്ന് വ്യക്തമാക്കിയത്. ഇറാന്റെ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ലബനനിൽ ആക്രമണം ശക്തമാക്കുന്നത്. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ‘ഖാദർ 1’ ബാലിസ്റ്റിക് മിസൈലുകൾ ഹിസ്ബുള്ള തൊടുത്തിന് പിന്നാലെയാണ് കരയാക്രമണത്തിന് തങ്ങൾ തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ വ്യക്തമാക്കിയത്.
ലെബനനിൽ കര ആക്രമണം നടത്തുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് വ്യോമാക്രമണം ശക്തമാക്കിയതെന്നും ഹെർസി ഹാലേവി വ്യക്തമാക്കി. ലബനനിൽ കര ആക്രമണത്തിന് ഉടനെ പദ്ധതിയില്ലെന്നായിരുന്നു ഇസ്രയേൽ സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നത്. ലബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമാക്രമണം വ്യാപിപ്പിച്ചതിനു പിന്നാലെ റിസർവ് സൈനികരെ ഇസ്രയേൽ തിരികെ വിളിച്ചിരുന്നു.
നേരത്തെ, ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനത്തിനു നേരെ ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടിരുന്നു. ടെൽ അവീവിനെ ലക്ഷ്യമാക്കിയെത്തിയ ബാലിസ്റ്റിക് മിസൈൽ ആകാശത്തുവച്ചു തകർത്തതായി ഇസ്രയേൽ വക്താവ് പറഞ്ഞു. ടെൽ അവീവിലേക്ക് ആദ്യമായി ഹിസ്ബുള്ളയുടെ റോക്കറ്റെത്തിയതായും വ്യോമപ്രതിരോധസംവിധാനമുപയോഗിച്ച് അത് തകർത്തതായും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
പിന്നാലെ, ലെബനന്റെ വിവിധഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 51 പേർ കൊല്ലപ്പെട്ടു. 220 പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ 60 രഹസ്യാന്വേഷണകേന്ദ്രങ്ങളുൾപ്പെടെ 280 താവളങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു.