ജോലി ഇടവേളകളില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കൂടാ? സെക്‌സ്@വര്‍ക്ക് പദ്ധതിയുമായി പുടിന്‍


മോസ്‌കോ: റഷ്യയില്‍ നിന്നും ഒരു അസാധാരണ വാര്‍ത്തായാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജോലി ഇടവേളകളില്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കൂടായെന്ന പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ രാജ്യത്തെ ജനങ്ങളോട് ചോദിച്ചെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ജനന നിരക്ക് ഗണ്യമായി കുറയുന്നതിനെ തുടര്‍ന്ന് ജോലിക്കിടയില്‍ ലഭിക്കുന്ന ഉച്ചഭക്ഷണത്തിന്റെയും കാപ്പിയുടെയും ഇടവേളകളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അദ്ദേഹം സ്വന്തം ജനതയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രാജ്യത്തെ നിലവിലെ ഫെര്‍ട്ടിലിറ്റി നിരക്ക് പരിഹരിക്കുന്നതിനാണ് ‘സെക്‌സ് അറ്റ് വര്‍ക്ക്’ പദ്ധതിക്ക് പുടിന്‍ ഉത്തരവിട്ടിരിക്കുന്നതെന്നാണ് മെട്രോ യുകെ എന്ന വെബ് സൈറ്റ് പറയുന്നത്. രാജ്യത്ത് ആവശ്യമായ ആരോഗ്യകരമായ ജനന നിരക്ക് ഒരു സ്ത്രീക്ക് 2.1 എന്നാണ്. എന്നാല്‍ നിലവില്‍ ഇത് ഒരു സ്ത്രീക്ക് 1.5 എന്ന കണക്കിനാണ്. ഈ കുറവ് ഭാവിയില്‍ റഷ്യന്‍ ജനസംഖ്യയില്‍ വലിയ ഇടിവാണ് സൃഷ്ടിക്കുക. പ്രത്യേകിച്ചും രാജ്യം യുക്രൈനോട് യുദ്ധം ചെയ്യുന്ന കാലം കൂടി കണക്കിലെടുക്കുമ്പോള്‍ പട്ടാളത്തിലടക്കം യുദ്ധം ചെയ്യാന്‍ ആളെ കിട്ടാത്ത പ്രശ്‌നം റഷ്യ നേരിടുന്നുണ്ട്. അതേസമയം യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ റഷ്യയില്‍ നിന്നും ഒരു ദശലക്ഷത്തിലധികം യുവാക്കള്‍ രാജ്യം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റഷ്യന്‍ ജനതയെ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞ പ്രസിഡന്റ് പുടിന്‍, ‘ഏറ്റവും ഉയര്‍ന്ന ദേശീയ മുന്‍ഗണന’ ജനസംഖ്യ നിരക്ക് ഉയര്‍ത്തുക എന്നതാണെന്നും ഊന്നിപ്പറഞ്ഞു. ‘റഷ്യയുടെ വിധി… നമ്മളില്‍ എത്രപേര്‍ ഉണ്ടാകും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇത് ദേശീയ പ്രാധാന്യമുള്ള പ്രശ്‌നമാണ്. ‘ പുടിന്‍ പറഞ്ഞതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. പുടിനെ വിശദീകരിച്ച ആരോഗ്യമന്ത്രി ഡോ.യെവ്‌ജെനി ഷെസ്റ്റോപാലോവ് ‘ജോലി ഭാരത്താല്‍ ലൈംഗിക ബന്ധം നടക്കുന്നില്ലെന്നത് ഒരു ഒഴിവ് കഴിവാണെന്നും. ജീവിതം ഇന്ന് വേഗമേറിയതായതിനാല്‍ ജോലിക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ നിങ്ങള്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം’ എന്ന് വിശദീകരിച്ചു. ഒപ്പം റഷ്യന്‍ സ്ത്രീകളോട് അവരുടെ ‘പ്രത്യുല്‍പാദന ശേഷി’ വിലയിരുത്തുന്നതിന് സൗജന്യ ഫെര്‍ട്ടിലിറ്റി പരിശോധനകളില്‍ പങ്കെടുക്കാനും ആവശ്യപ്പെട്ടു.

’19-20 വയസ്സില്‍ പ്രസവിക്കാന്‍ തുടങ്ങണം. അപ്പോള്‍, സ്ഥിതിവിവരക്കണക്കനുസരിച്ച്, കുടുംബത്തിന് മൂന്നോ നാലോ അതിലധികമോ കുട്ടികള്‍ ഉണ്ടാകാന്‍ കഴിയും. പ്രസവിക്കുക, വീണ്ടും പ്രസവിക്കുക, 18 വയസ്സില്‍ പ്രസവിക്കുക,’ പുടിനെ പിന്താങ്ങുന്ന ഒരു രാഷ്ട്രീയ നേതാവ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം 1999 ന് ശേഷമുള്ള റഷ്യയുടെ ഏറ്റവും കുറഞ്ഞ ജനന നിരക്കായിരുന്നു 2024 ലെ ആദ്യ ആറ് മാസങ്ങളില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. ജൂണില്‍ ജനന തീയതികള്‍ 1,00,000 ല്‍ താഴെയായി. സ്റ്റാറ്റിസ്റ്റിക്‌സ് സേവനമായ റോസ്സ്റ്റാറ്റിന്റെ കണക്കനുസരിച്ച്, 2024 ന്റെ ആദ്യ പകുതിയില്‍ റഷ്യയില്‍ 5,99,600 കുട്ടികള്‍ മാത്രമാണ് ജനിച്ചത്.