റഷ്യ ചാരപ്രവര്‍ത്തനത്തിന് പരിശീലനം നല്‍കിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലത്തിന്റെ മരണകാരണം പുറത്ത്
മോസ്‌കോ: റഷ്യ ചാരപ്രവര്‍ത്തനത്തിന് പരിശീലനം നല്‍കിയതെന്ന് സംശയിക്കുന്ന ബെലൂഗ തിമിംഗലത്തിന്റെ മരണകാരണം പുറത്ത്. ചാരതിമിംഗലം എന്ന പേരില്‍ പ്രശസ്തി നേടിയ ബെലൂഗ തിമിംഗലത്തെ വെടിവച്ച് കൊന്നതാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. അന്തര്‍ദേശീയ തലത്തില്‍ ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് ഹ്വാള്‍ഡിമിര്‍ എന്ന് പേരുള്ള ഈ ബെലൂഗ തിമിംഗലത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. എന്നാല്‍ മനുഷ്യന്റെ ഇടപെടലുകളല്ല ബെലൂഗ തിമിംഗലത്തിന്റെ മരണത്തിന് കാരണമായതെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ വിശദമാക്കുന്നത്. അത്ര ചെറുതല്ലാത്ത മരത്തടി വായില്‍ കുടുങ്ങിയത് നീക്കാനാവാതെ വന്നതാണ് ബെലൂഗ തിമിംഗലത്തിന്റെ ദാരുണാന്ത്യത്തിലേക്ക് എത്തിയതിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
അവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ നോര്‍വീജിയന്‍ പൊലീസാണ് ബെലൂഗ തിമിംഗലത്തിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചത്. തിമിംഗലത്തിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ നിരവധി അടയാളങ്ങളുണ്ടെന്നായിരുന്നു വണ്‍ വെയില്‍ ആന്‍ഡ് നോഹ എന്ന മൃഗാവകാശ സംഘടന ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ 35 സെന്റിമീറ്ററും 3 സെന്റിമീറ്റര്‍ വ്യാപ്തിയുമുള്ള ഒരു മരക്കഷ്ണം ഹ്വാള്‍ഡിമിറിന്റെ വായില്‍ കുടുങ്ങിയ നിലയി കണ്ടെത്തിയതായും ഇത് തീറ്റ തേടുന്നതിലടക്കം തിമിംഗലത്തിന് തടസം സൃഷ്ടിച്ചതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശദമാക്കുന്നു. 14 അടി നീളവും 2,700 പൗണ്ട് ഭാരവുമുണ്ടായിരുന്നു ഈ തിമിംഗലത്തിനുണ്ടായിരുന്നത്.
സെപ്തംബര്‍ 1നാണ് ബെലൂഗ തിമിംഗലത്തെ നോര്‍വീജിയന്‍ തീരത്തിന് സമീപത്തായി ചത്ത നിലയില്‍ കണ്ടെത്തിയത്. നോര്‍വേയുടെ തെക്ക് പടിഞ്ഞാറന്‍ പട്ടണമായ റിസവികയുടെ സമീപത്തായി ഒഴുകി നടക്കുന്ന നിലയിലായിരുന്നു ഹ്വാള്‍ഡിമിറിനെ കണ്ടെത്തിയത്. നോര്‍വീജിയന്‍ കടലില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹ്വാള്‍ഡിമിറിനെ ആദ്യമായി കണ്ടെത്തുന്നത്. ഗോ പ്രോ ക്യാമറ ഘടിപ്പിച്ച നിലയിലായിരുന്നു ഹ്വാള്‍ഡിമിറിനെ കണ്ടെത്തിയത്. ഗോ പ്രോ ക്യാമറ ഘടിപ്പിക്കാനുപയോഗിച്ച സംവിധാനത്തിലെ എഴുത്തുകളാണ് ചാരപരിശീലനം ലഭിച്ച തിമിംഗലമാണ് ഇതെന്ന സംശയം രൂപപ്പെടാന്‍ കാരണമായത്. എന്നാല്‍ ആരോപണത്തേക്കുറിച്ച് റഷ്യ പ്രതികരിച്ചിരുന്നില്ല.