തുടര്‍ച്ചയായി 104 ദിവസത്തെ ജോലി,ഇതിനിടയില്‍ അവധി ലഭിച്ചത് ഒരു ദിവസം: അവയവങ്ങള്‍ക്ക് നാശം സംഭവിച്ച് യുവാവിന് ദാരുണ മരണം


ബെയ്ജിംഗ്: തുടര്‍ച്ചയായി 104 ദിവസത്തെ ജോലി. ഇതിനിടയില്‍ അവധി ലഭിച്ചത് ഒരേയൊരു നാള്‍. കഠിനമായ ഈ തൊഴില്‍ ക്രമം മൂലം ഒന്നിലധികം അവയവങ്ങള്‍ക്ക് നാശം വന്ന് 30-കാരന്‍ മരണപ്പെട്ടു. കിഴക്കന്‍ ചൈനയിലാണ് സംഭവം. ജീവനക്കാരന്റെ മരണത്തില്‍ 20 ശതമാനം ഉത്തരവാദിത്തം തൊഴില്‍ സ്ഥാപനത്തിനുണ്ടെന്ന് വിധിച്ച സെജിയാങ്ങിലെ പ്രവിശ്യ കോടതി ഇയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു.

ദുര്‍ബലമായ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട എന്യൂമോകോക്കല്‍ അണുബാധയാണ് എബാവോ എന്ന ജീവനക്കാരനില്‍ അവയവ നാശത്തിലേക്ക് നയിച്ചത്. കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഒരു കമ്പനിക്കായി പെയിന്റടിക്കുന്ന ജോലിയാണ് എബാവോ ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ മെയ് വരെ തുടര്‍ച്ചയായി ജോലി ചെയ്ത എബാവോ ഏപ്രില്‍ ആറാം തീയതി ഒരു ദിവസം മാത്രമാണ് ഇടയ്ക്ക് അവധിയെടുത്തത്. മേയ് 25ന് അസുഖബാധിതനായ എബാവോ ആ ദിവസം അവധിയെടുത്ത് ഡോമില്‍ ഉറങ്ങി. മേയ് 28 ഓട് കൂടിയാണ് രോഗനില വഷളായതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിക്കുന്നത്. ആശുപത്രിയില്‍ വച്ച് എബാവോവിന് ശ്വാസകോശ സ്തംഭനവും പള്‍മനറി അണുബാധയും നിര്‍ണ്ണയിക്കപ്പെട്ടു. ജൂണ്‍ 1ന് ഇദ്ദേഹം മരണപ്പെടുകയും ചെയ്തു.