കാലിഫോര്‍ണിയ: എകെ 47 അടക്കമുള്ള തോക്കുകള്‍ ഉപയോഗിച്ച് 39 കാരന്‍ മൂന്ന് മണിക്കൂറില്‍ കൊന്ന് തള്ളിയത് 81 ജീവനുകള്‍. നഗരത്തെ നടുക്കിയ അരുകൊലയില്‍ യുവാവിനെ പൊലീസ് പടികൂടി. വടക്കന്‍ കാലിഫോര്‍ണിയയിലാണ് അയല്‍വാസിയുടെ ഫാമിലേക്ക് യുവാവ് അതിക്രമിച്ച് കയറി കുതിരകള്‍, ആടുകള്‍, കാലികള്‍, കോഴികള്‍, താറാവുകള്‍ അടക്കം 81 മൃഗങ്ങളെ വെടിവച്ച് കൊന്നത്.
വിന്‍സെന്റ് ആരോയോ എന്ന 39കാരനെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളുടെ മാനസിക നില പരിശോധിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുകളിലാക്കിയ മൃഗങ്ങളെയാണ് ഇയാള്‍ ആക്രമിച്ചത്. വടക്കന്‍ കാലിഫോര്‍ണിയയിലെ പ്രൂണ്‍ഡേലിലായിരുന്നു ഇയാളുടെ അതിക്രമം. സമീപ വാസികളുടെ അടക്കം വളര്‍ത്തുമൃഗങ്ങളെ സൂക്ഷിച്ചിരുന്ന ഫാമാണ് അക്രമണത്തിന് ഇരയായത്. 14 ആടുകള്‍, 9 കോഴികള്‍, 7 താറാവുകള്‍, 5 മുയലുകള്‍, ഗിനി പന്നികള്‍, 33 പക്ഷികള്‍, മൂന്ന് പശുക്കള്‍ അടക്കമുള്ളവയെ ആണ് ഇയാള്‍ വെടിവച്ച് വീഴത്തിയത്. മണിക്കൂറുകള്‍ നീണ്ട വെടിവയ്പിന് ശേഷം ചില മൃഗങ്ങള്‍ ഗുരുതരമായ പരിക്കുകളോടെ ആക്രമണം അതിജീവിച്ചതായാണ് ഉടമസ്ഥര്‍ മാധ്യമങ്ങളോട് വിശദമാക്കിയത്. എന്നാല്‍ ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ച കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.