ഇന്റര്‍നെറ്റില്‍ തരംഗമായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പങ്കുവെച്ച ആ ഫോട്ടോ


വാഷിങ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പങ്കുവെച്ച ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. അമ്മയുടെയും സഹോദരന്റെയും ഒപ്പമുള്ള തന്റെ ബാല്യകാല ഫോട്ടോയാണ് യുഎസ് വൈസ് പ്രസിഡന്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കൗമാരപ്രായത്തില്‍ പണം സമ്പാദിക്കുന്നതിനായി ഫാസ്റ്റ് ഫുഡ് ശൃംഖലകളില്‍ താന്‍ ജോലി ചെയ്തുവെന്നും അവര്‍ വെളിപ്പെടുത്തി.

ഹൃദയസ്പര്‍ശിയായ കുറിപ്പില്‍, കുട്ടിക്കാലത്ത് താന്‍ വളര്‍ന്നത് ഒരു ഇടത്തരം കുടുംബത്തിലാണെന്ന് കമല ഹാരിസ് പറയുന്നു. ‘ഒരു വീട് സ്വന്തമായി വാങ്ങാന്‍ തന്റെ അമ്മ ഒരു ദശാബ്ദത്തിലേറെ പരിശ്രമിച്ചിട്ടുണ്ട്. അവസാനം ആ ദിവസം വന്നപ്പോള്‍ ഞാന്‍ ഒരു കൗമാരക്കാരിയായിരുന്നു. സ്വന്തമായി വീട് ലഭിച്ചപ്പോള്‍ അമ്മ എത്രത്തോളം ആവേശഭരിതയായിരുന്നുവെന്ന് എനിക്കിപ്പോഴും ഓര്‍മയുണ്ട്’-കമല ഹാരിസ് കുറിച്ചു.

പണം സമ്പാദിക്കാന്‍ കോളേജിലെ മക്ഡൊണാള്‍ഡ്സില്‍ ജോലി ചെയ്ത സ്വന്തം അനുഭവവും ഹാരിസ് പങ്കുവെച്ചു. ജീവിതച്ചെലവ് ഉയരുമ്പോള്‍ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടാണ്. ചെലവ് കുറയ്ക്കുന്നതിനും സാമ്പത്തിക സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും പ്രസിഡണ്ടായി താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍ഗണന നല്‍കുമെന്നും കമല ഹാരിസ് പറഞ്ഞു. വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് കമല ഹാരിസ്.