ആറ് വർഷത്തോളം യുവതിക്ക് നീണ്ടു നിന്ന പനി: അവസാനം കാരണം അറിഞ്ഞപ്പോൾ ഞെട്ടിയത് ഡോക്ടർമാർ



വര്‍ഷങ്ങളായി അലട്ടിക്കൊണ്ടിരുന്ന പനിയുടെ കാരണം കൃത്യമായി കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചത് രോഗി മരണക്കിടക്കയില്‍ ആയപ്പോള്‍. 2012 ഫെബ്രുവരിയിലാണ് ആദ്യമായി നീണ്ടു നില്‍ക്കുന്ന പനിക്ക് ചികിൽസിക്കാൻ വാഷിങ്ടണിലെ സീറ്റിലില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഡയാന ബേറ്റ്സ് ആശുപത്രിയിലിലെത്തുന്നത്. നിരന്തരമായുണ്ടാവുന്ന പനിക്ക് ചില മരുന്നുകള്‍ താല്‍ക്കാലിക ശമനം നല്‍കിയെങ്കിലും പൂര്‍ണമായും ഭേദമാക്കാന്‍ ഒന്നും സഹായകരമായില്ല.

വിവിധ ആശുപത്രികളില്‍ പ്രശസ്തരായ പലരുടേയും കീഴില്‍ ചികില്‍സ തേടിയിട്ടും കാര്യമായ കുറവൊന്നും പനിയില്‍ ഉണ്ടായില്ല. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഡയാന ബാത്ത്റൂമില്‍ തളര്‍ന്ന് വീഴുന്നത്. തനിയെ ജീവിക്കുന്ന ഡയാന ഇഴഞ്ഞ് നീങ്ങി ഫോണ്‍ ചെയ്തതോടെ ആംബുലന്‍സ് എത്തി അവരെ ആശുപത്രിയിലാക്കി. അമിതമായ ജലനഷ്ടമുണ്ടാവുകയും രക്തസമ്മര്‍ദ്ദം ക്രമാതീതവുമായി കുറഞ്ഞ നിലയിലുമാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആസ്തമയ്ക്ക് വര്‍ഷങ്ങളായി മരുന്ന് കഴിക്കുകയും ചെയ്തിരുന്നു ഡയാന.

സമയം പോകും തോറും കാര്യങ്ങള്‍ വഷളാവുകയും ചെയ്യുന്നതിന് ഇടയിലാണ് ഡയാനയ്ക്ക് നേരിട്ട വര്‍ഷങ്ങള്‍ ആയുള്ള പനി വെറുമൊരു ലക്ഷണം മാത്രമാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്. ന്യൂമോണിയ ആയിരുന്നു ഡയാനയുടെ യഥാര്‍ത്ഥ പ്രശ്നം. ശ്വാസകോശത്തെ ഏറക്കുറെ പൂര്‍ണമായി ന്യൂമോണിയ ബാധിച്ചതാണ് അവരെ മരണക്കിടക്കയിലാക്കിയത്. രാത്രി കാലങ്ങളില്‍ ശരീരം വിയര്‍ക്കുന്നത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും പനി വരുമ്പോള്‍ സാധാരണമാണെന്ന കണക്കുകൂട്ടലില്‍ ചികിത്സ നടത്തിയതാണ് കാര്യങ്ങള്‍ ഇത്ര വഷളായതിന് പിന്നില്‍.

ഏതായാലും മരണക്കിടക്കയില്‍ രോഗം കണ്ടെത്താന്‍ സാധിച്ചത് ഡയാനയ്ക്ക് ജീവിതത്തിലേക്ക് തിരികെ വരാനാണ് അവസരമൊരുക്കിയത്. വളരെ പെട്ടെന്ന് തന്നെ ഡയാനയുടെ ശരീരം മരുന്നുകളോട് പ്രതികരിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആശ്വാസകരമായി.