ഹമാസ് തലവനും ഹമാസിന്റെ ബുദ്ധി കേന്ദ്രവുമായ ഇസ്മയില്‍ ഹനിയെ ഇറാനില്‍ കൊല്ലപ്പെട്ടു


കെയ്‌റോ: ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്‌റാനില്‍ ഹനിയെ താമസിക്കുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. 2017 മുതല്‍ ഹമാസിന്റെ തലവനാണ് ഇസ്മയില്‍ ഹനിയെ. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ചുമതലയേല്‍ക്കുന്നതിന്റെ ഭാഗമായാണ് ഹനിയെ ടെഹ്‌റാനിലെത്തിയത്.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന്, ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണഗതിയില്‍ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ഇത്തരംകാര്യങ്ങളില്‍ പ്രതികരിക്കാറില്ല. ഇസ്രയേലില്‍ ഹമാസ് നടത്തിയ അക്രമണത്തിനു പിന്നാലെ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 39,360 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. 90,900 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.