ട്രംപിനെ കൊല്ലാന്‍ ശ്രമിച്ചത് 20കാരന്‍,യുവാവിനെ തിരിച്ചറിഞ്ഞു: അക്രമിയെ വധിച്ച് സീക്രട്ട് സര്‍വീസ് സ്നൈപ്പര്‍



ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ച ഷൂട്ടറെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി അന്വേഷണ സംഘം. 20-കാരനായ തോമസ് മാത്യു ക്രൂക്ക്‌സ് ആണ് ട്രംപിനെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് കണ്ടെത്തല്‍. ട്രംപ് നയിച്ച റാലിക്ക് സമീപം സ്ഥിതിചെയ്യുന്ന നിര്‍മാണ പ്ലാന്റിന് മുകളില്‍ നിന്നാണ് മാത്യു വെടിയുതിര്‍ത്തത്.

Read Also: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണ ലോക്കറ്റ് മുക്കുപണ്ടം, ഗുരുതര ആരോപണവുമായി പാലക്കാട് സ്വദേശി

പെന്‍സില്‍വാനിയയിലെ ബേതല്‍ പാര്‍ക്കില്‍ നിന്നുള്ളയാളാണ് അക്രമി. ട്രംപ് നിന്ന് പ്രസംഗിച്ചിരുന്ന വേദിയുടെ 150 മീറ്റര്‍ അകലെയാണ് അക്രമി നിലയുറപ്പിരുന്നത്. ആക്രമണത്തിന് തൊട്ടുപിന്നാലെ അമേരിക്കയുടെ സീക്രട്ട് സര്‍വീസ് സ്‌നൈപ്പര്‍ പ്രത്യാക്രമണം നടത്തി അക്രമിയെ വധിച്ചു. സീക്രട്ട് സര്‍വീസ് സ്‌നൈപ്പറുടെ ബുള്ളറ്റ് അക്രമിയുടെ തലപിളര്‍ത്തി.

മൂന്നാം തവണയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന ട്രംപിനെ ആക്രമിച്ചത് തെരഞ്ഞെടുപ്പ് റാലി നയിക്കുന്നതിനിടെയാണ്. ചെവിക്ക് അരികിലൂടെ പാഞ്ഞ ബുള്ളറ്റ് ട്രംപിന് പരിക്കേല്‍പ്പിച്ചു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട മുന്‍ പ്രസിഡന്റിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

AR-സ്‌റ്റൈല്‍ റൈഫിളാണ് അക്രമിയുടെ കയ്യില്‍ നിന്ന് കണ്ടെത്തിയത്. എന്നാല്‍ എന്തുകൊണ്ടാണ് ഇയാള്‍ ട്രംപിനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന കാര്യം വ്യക്തമല്ല. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. ആക്രമണത്തിന് പിന്നില്‍ തോമസ് മാത്യു മാത്രമാണോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.