ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയത് 70 ഓളം വിദ്യാര്‍ത്ഥികള്‍, പരീക്ഷാഫലം തടഞ്ഞുവെച്ച് ശ്രീലങ്ക


കൊളംബോ : ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം ശ്രീലങ്കന്‍ പരീക്ഷാ വകുപ്പ് തടഞ്ഞുവച്ചു. ട്രിങ്കോമാലി സാഹിറ കോളേജിലെ ചില വിദ്യാര്‍ത്ഥികളാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ അഡ്വാന്‍സ്ഡ് ലെവല്‍ (എ/എല്‍) പരീക്ഷ ശിരോവസ്ത്രം ധരിച്ച് എഴുതിയത് .

പ്രതിഷേധം ഉയര്‍ന്നേക്കുമെന്ന സൂചനയെ തുടര്‍ന്ന് ഹിജാബുകള്‍ക്ക് പകരം അയഞ്ഞ സുതാര്യമായ വെള്ള ഷാളുകള്‍ ധരിക്കാന്‍ പരീക്ഷാ സൂപ്പര്‍വൈസര്‍മാര്‍ അനുവദിച്ചിരുന്നു . എന്നാല്‍ ഈ അനുമതി മുതലെടുത്ത് ബ്ലൂടൂത്ത് ഇയര്‍പീസുകള്‍ മറയ്ക്കാന്‍ കഴിയുന്ന ഹിജാബുകള്‍ വിദ്യാര്‍ത്ഥികള്‍ ധരിച്ചിരുന്നതായി പരീക്ഷാ വകുപ്പ് പിന്നീട് കണ്ടെത്തി.

ഇതേത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞു വച്ചത് . അതേസമയം, മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ ഫലം മെയ് 31 ന് മുന്‍പ് പുറത്തു വിട്ടു . സമാനമായ സംഭവങ്ങള്‍ മുന്‍പും ട്രിങ്കോമാലിയില്‍ ഉണ്ടായിട്ടുണ്ട്.