അപകടകരമായ രീതിയില്‍ വന്‍ കെട്ടിട-ജനവാസ മേഖലകളിലൂടെ താഴ്ന്ന് പറന്ന് ബോയിംഗ് വിമാനം, അന്വേഷണം ആരംഭിച്ചു


ഒക്കലഹോമ: വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് അപകടകരമായ രീതിയില്‍ താഴ്ന്ന് പറന്ന് വളരെ നേബോയിംഗ് 737 വിമാനം. പിന്നാലെ അമേരിക്കന്‍ സംസ്ഥാനമായ ഒക്കലഹോമയ്ക്ക് അടുത്തുള്ള യൂകോണ്‍ നഗരത്തിന് മുകളിലൂടെ വിമാനം വളരെ താഴ്ന്ന് പറന്നത്. സൌത്ത് വെസ്റ്റ് എയര്‍ലൈനിന്റെ 4069 എന്ന വിമാനമാണ് അപകടകരമായ രീതിയില്‍ താഴ്ന്ന് പറന്നത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തിനും യൂകോണ്‍ നഗരവാസികള്‍ക്കും ഒരു പോലെ ആശങ്ക സൃഷ്ടിച്ച സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ലാസ് വേഗാസില്‍ നിന്ന് ഒക്കലഹോമയിലെ വില്‍ റോജേഴ്‌സ് വേള്‍ഡ് വിമാനത്താവളത്തിലേക്കായിരുന്നു സൗത്ത് വെസ്റ്റ് എയര്‍ലൈനിന്റെ ബോയിംഗ് 737 വിമാനം യാത്ര തിരിച്ചത്. എന്നാല്‍ വിമാനത്താവളത്തില്‍ എത്തുന്നതിനും സാധാരണ നിലയില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങുന്നതിനും മുന്‍പേ വിമാനം താഴ്ചയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. യൂകോണ്‍ നഗരത്തിന്റെ വെറും 525 അടി ഉയരത്തിലൂടെയാണ് വിമാനം പറന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം വിമാനം 3000 അടിയിലേക്ക് ഉയര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാര്‍ക്ക് പരിക്കില്ലാതെ സുരക്ഷിതമായ ലാന്‍ഡ് ചെയ്‌തെങ്കിലും സംഭവിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനുള്ളത്.

അപകടമൊന്നുമുണ്ടായില്ലെങ്കിലും പെട്ടെന്ന് വിമാനം നഗരത്തിന്റെ മുകളിലേക്ക് വീഴുന്നുവെന്ന ആശങ്കയാണ് ആളുകള്‍ക്ക് ഉണ്ടായത്. നഗരവാസികളിലെ പലരും വിമാനത്തിന്റെ ശബ്ദം കേട്ട് ഭയന്ന് ഉണരുന്ന സാഹചര്യവുമുണ്ടായി. അസാധാരണമായ രീതിയില്‍ വിമാനത്തിന്റെ യാത്രാപാതയിലുണ്ടായ വ്യതിയാനത്തിന്റെ കാരണമാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ മറ്റൊരു ബോയിംഗ് 737 വിമാനം ഹവായിക്ക് സമീപത്ത് വച്ച് 4000 അടി ഉയരത്തില്‍ നിന്ന് വളരെ താഴ്ന്ന് പറന്നിരുന്നു. ഹോണോലുലുവിഷ നിന്ന് ലിഹ്വേയിലേക്കുള്ള യാത്രക്കിടെ ആയിരുന്നു ഈ സംഭവം.