25 സ്ത്രീകളെ കൊന്ന് മൃതദേഹം പന്നികള്‍ക്ക് നല്‍കി ഞെട്ടിച്ച സീരിയല്‍ കില്ലര്‍, ജയിലില്‍ കൊല്ലപ്പെട്ടു


വാന്‍കൂവര്‍: കാനഡയെ ഞെട്ടിച്ച സീരിയല്‍ കില്ലര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 1990 മുതല്‍ 2000 വരെയുള്ള കാലത്ത് 26 സ്ത്രീകളെ തന്റെ പന്നിഫാമിലെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ സീരിയല്‍ കില്ലറാണ് സഹതടവുകാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 74കാരനായ റോബര്‍ട്ട് വില്ലി പിക്ടണ്‍ എന്ന സീരിയല്‍ കില്ലറാണ് ക്യുബെകിലെ പോര്‍ട്ട് കാര്‍ട്ടിയര്‍ ജയിലിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ബുധനാഴ്ച കൊല്ലപ്പെട്ടത്.

മെയ് 19നാണ് 74കാരന്‍ ആക്രമിക്കപ്പെട്ടത്. ഇയാളെ ജയിലില്‍ നിന്ന് പുറത്തെത്തിച്ച് ചികിത്സ ലഭ്യമാക്കിയിരുന്നു. സംഭവത്തില്‍ ഇയാളുടെ സഹതടവുകാരനായിരുന്ന 51കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. 2007ലാണ് റോബര്‍ട്ടിന് ജീവപര്യന്തം തടവിന് വിധിച്ചത്. 25 വര്‍ഷത്തിന് ശേഷം മാത്രമായിരുന്നു ഇയാള്‍ക്ക് പരോളിന് അനുവാദമുണ്ടായിരുന്നത്. വാന്‍കൂവറിലും പരിസരത്തുമായി നിരവധി സ്ത്രീകളെ കാണാനില്ലെന്ന അന്വേഷണം ഒടുവില്‍ ചെന്ന് അവസാനിച്ചത് ഇയാളുടെ പന്നി ഫാമിലായിരുന്നു. ഇവിടെ നിന്ന് 33 സ്ത്രീകളുടെ ഡിഎന്‍എ സാംപിളുകളാണ് പൊലീസ് കണ്ടെത്തിയത്. ലൈംഗിക തൊഴിലാളികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമടക്കമുള്ള നിരവധി സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

വേഷം മാറി അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട് താന്‍ 49 സ്ത്രീകളെ കൊന്ന് തള്ളിയതായും ഇയാള്‍ വീമ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരിലെ ആറ് പേരെ പൊലീസിന് തിരിച്ചറിയാനായിരുന്നു. പല രീതിയില്‍ പന്നി ഫാമിലെത്തിച്ച സ്ത്രീകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പന്നികള്‍ക്ക് നല്‍കുന്നതായിരുന്നു ഇയാളുടെ രീതി. ഇതിന് പിന്നാലെ ഇയാളുടെ ഫാമില്‍ നിന്ന് പന്നികളെയും ഇറച്ചിയും വാങ്ങിയവര്‍ക്ക് ആരോഗ്യവകുപ്പ് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.