പാകിസ്താനില്‍ പെണ്‍കുട്ടികളുടെ സ്‌കൂള്‍ അഗ്നിക്കിരയാക്കി: ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവം



പാകിസ്താനില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ അഗ്നിക്കിരയാക്കി സായുധസംഘം. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലുള്ള നോര്‍ത്ത് വസിരിസ്താനിലാണ് സംഭവം. അക്രമികള്‍ മണ്ണെണ്ണ ഉപയോഗിച്ചാണ് സ്‌കൂളിന് തീ കൊളുത്തിയത്. സംഭവത്തില്‍ സ്‌കൂളിലെ കമ്പ്യൂട്ടറുകള്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ കത്തിനശിച്ചു.

നേരത്തേ താലിബാന്റെ ശക്തികേന്ദ്രമായിരുന്ന സ്ഥലത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. രാത്രിയില്‍ ഇരുട്ടിന്റെ മറവിലാണ് അക്രമികള്‍ സ്‌കൂളിന് തീ കൊളുത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥനായ റഹ്‌മത്തുള്ള പറഞ്ഞു. ഒരു മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ സംഭവമാണ് ഇത്.

പ്രദേശത്തെ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള രണ്ട് സ്‌കൂളുകള്‍ ഈ മാസം അഗ്നിക്കിരയാക്കപ്പെട്ടിരുന്നു. അക്രമത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്‌കൂളിന്റെ ഉടമയുമായി പ്രശ്‌നങ്ങളുണ്ടായിരുന്ന ഒരാളുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടാന്‍ പാടില്ല എന്ന വാദമുയര്‍ത്തുന്ന തീവ്രവാദികളേയാണ് അധികൃതര്‍ ആദ്യം സംശയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂളുകള്‍ സ്ഥിരമായി ആക്രമിച്ചിരുന്നവരാണ് ഇവര്‍.

അഫ്ഗാനിസ്താനിലെ താലിബാനുമായി ബന്ധമുള്ള പാകിസ്താനി താലിബാന്റെ (തെഹ്‌രീക്-ഇ-താലിബാന്‍) ശക്തികേന്ദ്രമായിരുന്നു നോര്‍ത്ത് വസിരിസ്താന്‍. അഫ്ഗാനിസ്താന്റെ ഭരണം 2021-ല്‍ താലിബാന്‍ ഏറ്റെടുത്തതിനുശേഷം പാകിസ്താനി താലിബാനും ശക്തിപ്പെട്ടിട്ടുണ്ട്.