കുടുംബ സംഗമത്തില്‍ വിളമ്പിയത് കരടി ഇറച്ചി, നാടവിര ശരീരത്തിലെത്തിയതോടെ ഗുരുതരാവസ്ഥയിലായി ആറ് പേര്‍
സൗത്ത് ഡക്കോട്ട: കുടുംബ സംഗമത്തില്‍ വിളമ്പിയത് കരടിയിറച്ചി. ഇറച്ചി കഴിച്ച് ആറ് പേര്‍ ഗുരുതരാവസ്ഥയില്‍. അമേരിക്കയിലെ സൌത്ത് ഡക്കോട്ടയിലാണ് സംഭവം. ഒരു മാസത്തിലേറെയായി ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്ന കരടി ഇറച്ചിയാണ് പരിപാടിക്കിടെ വിളമ്പിയത്.
അപൂര്‍വ്വമായി കാണുന്ന നാടവിരബാധയാണ് കുടുംബാംഗങ്ങള്‍ക്ക് സംഭവിച്ചത്. ഇറച്ചി കഴിക്കാതെ ഇതിനൊപ്പമുണ്ടായിരുന്ന പച്ചക്കറികള്‍ മാത്രം കഴിച്ച രണ്ട് പേരും ആശുപത്രിയിലായിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ട്രിച്ചിനെല്ലാ സ്‌പൈറല്‍സ് എന്ന നാടവിരയാണ് ഇറച്ചിയിലൂടെ മനുഷ്യ ശരീരത്തിലെത്തിയത്. പാകം ചെയ്യാത്ത പന്നിയിറച്ചിയില്‍ സാധാരണമായി കാണുന്ന ഈ വിര രോഗ പ്രതിരോധ ശേഷിയെ സാരമായി ബാധിക്കുന്നവയാണ്. ഛര്‍ദ്ദി, വയറിളക്കം, തല കറക്കം എന്നിവയാണ് ഈ വിരബാധയുടെ ലക്ഷണം. വിരയുള്ള ഭക്ഷണം കഴിച്ചാല്‍ പത്ത് ദിവസത്തോടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കും മനുഷ്യ ശരീരം എത്തുമെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. ഹൃദയം, വൃക്ക എന്നിവ വിരബാധയെ തുടര്‍ന്ന് തകരാറിലാവും.
മിനസോട്ട സ്വദേശിയായ 29കാരനാണ് നിലവിലെ കേസില്‍ കടുത്ത പനിയുമായി ചികിത്സ തേടിയത്. ഇതിന് പിന്നാലെയാണ് കുടുംബാംഗങ്ങള്‍ സൌത്ത് ഡകോട്ട, അരിസോണ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചികിത്സ തേടിയത്. രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫാമിലി റീ യൂണിയനിലെ കരടി ഇറച്ചിയാണ് വില്ലനായതെന്ന് വ്യക്തമായത്.
കാനഡയില്‍ നിന്ന് കിട്ടിയ കരടി ഇറച്ചി കുടുംബാംഗങ്ങളിലൊരാള്‍ പരിപാടിക്ക് കൊണ്ടുവരികയായിരുന്നു. ഇവരില്‍ നിന്ന് ഇറച്ചിയുടെ ശേഷിക്കുന്ന സാംപിളുകള്‍ സിഡിസി പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ വേട്ടയാടി കിട്ടിയ മൃഗങ്ങളുടെ ഇറച്ചി 165 ഡിഗ്രി സെല്‍ഷ്യസില്‍ പാകം ചെയ്യണമെന്ന് സിഡിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.