ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം: സുപ്രധാന വിവരങ്ങള്‍ കൈമാറി തുര്‍ക്കി


ടെഹ്റാന്‍: ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അന്ത്യ കര്‍മങ്ങള്‍ക്ക് തുടക്കം. ദിവസങ്ങള്‍ നീളുന്ന ചടങ്ങ് ആരംഭിക്കുന്നത് തബ്രിസില്‍ നിന്നാണ്.

ശേഷം ഖും, ടെഹ്റാന്‍, മഷ്ഹദ് എന്നിവിടങ്ങളിലും ചടങ്ങുകള്‍ നടക്കും. തുടര്‍ന്നാകും ഖബറടക്കം. അതേസമയം, രാജ്യത്തെ വിവിഐപികള്‍ മരിക്കാന്‍ ഇടയായ ഹെലികോപ്റ്റര്‍ അപകടം സംബന്ധിച്ച് ഇറാന്‍ അന്വേഷണം തുടങ്ങി.

റഷ്യയില്‍ നിന്നുള്ള വിദഗ്ധര്‍ അന്വേഷണത്തിന് ഇറാനെ സഹായിക്കും. സൈനിക ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തുന്നത്. ഇറാന്‍ ഭരണകൂടം നിയോഗിച്ച അന്വേഷണ സമിതി വൈകാതെ ദുരന്തം നടന്ന സ്ഥലം സന്ദര്‍ശിക്കും.

അതേസമയം,സുപ്രധാനമായ ചില ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടില്ല. ഇത് കണ്ടെത്തുകയാകും അന്വേഷണ സംഘത്തിന്റെ പ്രഥമ ദൗത്യം.

അയല്‍രാജ്യമായ അസര്‍ബൈജാനില്‍ അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് ഇറാന്‍ പ്രസിഡന്റും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപ്രത്യക്ഷമായതും പിന്നീട് തകര്‍ന്ന നിലയില്‍ കണ്ടെത്തിയതും. ഏറെ നേരത്തെ തിരച്ചിലിന് ശേഷം പ്രസിഡന്റ്, വിദേശകാര്യ മന്ത്രി എന്നിവരുള്‍പ്പെടെ മരിച്ചുവെന്ന് ഭരണകൂടം സ്ഥിരീകരിക്കുകയായിരുന്നു. അന്വേഷണ സംഘം ഉത്തരം തേടുന്ന ചില കാര്യങ്ങള്‍ ഇവയാണ്.

 

മറ്റു ഹെലികോപ്റ്ററുകള്‍ മടങ്ങിയിട്ടും എന്തുകൊണ്ട് പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ മാത്രം അപകടത്തില്‍പ്പെട്ടു. പ്രസിഡന്റ്, വിദേശകാര്യ മന്ത്രി തുടങ്ങിയ വിവിഐപികള്‍ എന്തുകൊണ്ട് ഒരു ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു, യാത്രയുടെ അന്തിമ സാഹചര്യം എങ്ങനെയായിരുന്നു… തുടങ്ങി സുപ്രധാന കാര്യങ്ങളാണ് അന്വേഷണം സംഘം തേടുന്നത്. റഷ്യയില്‍ നിന്നുള്ള സംഘം അന്വേഷണത്തിന്റെ ഭാഗമാകുന്നത് അട്ടിമറി നടന്നോ എന്ന് പരിശോധിക്കാന്‍ കൂടിയാണ്.

ദുരന്ത സ്ഥലത്ത് നിന്ന് കണ്ടെടുത്ത മൃതദേഹങ്ങള്‍ തബ്രീസ് നഗരത്തിലേക്കാണ് ആദ്യം എത്തിച്ചത്. ഇറാന്റെ വടക്കു പടിഞ്ഞാറന്‍ മലയോര മേഖലയിലെ പ്രധാന നഗരമാണിത്. ശേഷം മൃതദേഹങ്ങള്‍ ഷിയാക്കളുടെ പുണ്യ നഗരമായ ഖുമ്മിലേക്ക് കൊണ്ടുവരുമെന്ന് ഭരണനിര്‍വഹണ കാര്യങ്ങള്‍ക്കുള്ള ഇറാന്റെ വൈസ് പ്രസിഡന്റ് മുഹ്സിന്‍ മന്‍സൂരി പറഞ്ഞു. ഖുമ്മില്‍ ഷിയാ പണ്ഡിതരുടെ പ്രത്യേക പ്രാര്‍ഥന നടക്കും. പിന്നീട് തലസ്ഥാനമായ ടെഹ്റാനിലേക്ക് എത്തിക്കും.

ടെഹ്റാനിലെ ഗ്രാന്റ് മുസല്ല പള്ളിയില്‍ നാളെയാണ് പ്രാര്‍ഥന. എല്ലാവര്‍ക്കും പ്രസിഡന്റിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ നാളെ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. ശേഷം മഷ്ഹദിലെ ഇമാം റിസാ പള്ളിയിലേക്ക് മൃതദേഹം എത്തിക്കും. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയുള്ള പ്രാര്‍ഥനയിലാണ് പങ്കെടുക്കുക.

അതേസമയം, പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ കാണാതായ വേളയില്‍ തന്നെ സുപ്രധാനമായ വിവരങ്ങള്‍ ഇറാന് കൈമാറിയിരുന്നു എന്ന് തുര്‍ക്കി ഗതാഗത മന്ത്രി അബ്ദുല്‍ ഖാദിര്‍ ഉറലോഗ്ലു പറഞ്ഞു. സംഭവം അറിഞ്ഞ ഉടനെ ഇറാനുമായി ബന്ധപ്പെട്ടിരുന്നു. അവര്‍ തിരിച്ചും ബന്ധപ്പെട്ടു. ഹെലികോപ്റ്ററിന്റെ സിഗ്‌നല്‍ ലഭിച്ചിരുന്നില്ല. ഇക്കാര്യം ഇറാനെ അറിയിച്ചിരുന്നു എന്നും നിലവിലെ സാഹചര്യത്തില്‍ അട്ടിമറി സംശയിക്കാന്‍ സാധിക്കില്ലെന്നും അന്വേഷണം നടക്കേണ്ടതുണ്ടെന്നും തുര്‍ക്കി മന്ത്രി പറഞ്ഞു. എന്തുകൊണ്ട് സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിച്ചില്ല എന്നതും അന്വേഷണ സംഘം പരിശോധിക്കും.