37,000 അടി ഉയരത്തില്‍ വച്ച് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു, ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക് : 7 പേരുടെ നില ഗുരുതരം
ലണ്ടന്‍: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനെത്തുടര്‍ന്ന് ഒരാള്‍ മരിച്ചു. 71 പേര്‍ക്ക് പരുക്ക്. അടിയന്തരമായി തിരിച്ചിറങ്ങിയതിനാല്‍ വന്‍ദുരന്തം ഒഴിവായി. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബോയിങ് 777300 ഇ.ആര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാര്‍ ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. 37,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം 31000 അടിയിലേക്ക് താഴ്ന്നു.
അപകടത്തില്‍ ബ്രിട്ടീഷ് പൗരനായ 73കാരന്‍ മരിച്ചു. 71 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. അടിയന്തിര സാഹചര്യത്തെത്തുടര്‍ന്ന് വിമാനം ബാങ്കോക്കിലെ സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയതിനാല്‍ വന്‍ദുരന്തം ഒഴിവാക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
വിമാനത്തില്‍ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഫ്ളൈറ്റ് ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം ആന്‍ഡമാന്‍ കടലിന് മുകളില്‍ വെച്ച് അഞ്ച് മിനിറ്റ് കൊണ്ട് വിമാനം 6000 അടി താഴ്ചയിലേക്ക് എത്തി. തുടര്‍ന്ന് ബാങ്കോക്ക് വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിങ് അനുമതി തേടി സന്ദേശം ലഭിച്ചു. വിമാനം താഴെയിറങ്ങിയ ഉടന്‍ യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യ സഹായം എത്തിച്ചു. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തില്‍ പെട്ടെന്നുണ്ടാകുന്ന ശക്തമായ വ്യതിയാനം മൂലമാണ് എയര്‍ഗട്ടറുകള്‍ ഉണ്ടാകുന്നത്. ഇത് വിമാനത്തിന്റെ സ്വാഭാവിക സഞ്ചാരം തടസ്സപ്പെടുത്തും. ശക്തമായ കുലുക്കത്തിന് കാരണമാകും.