26 വർഷം മുമ്പ് തട്ടിക്കൊണ്ടു പോയ 19 കാരനെ ഒടുവിൽ കണ്ടെത്തിയത് അയല്‍ക്കാരന്റെ വീട്ടിലെ രഹസ്യ അറയിൽ നിന്ന്!!
സ്‌കൂളിലേക്ക് പോകുന്നതിനിടെ തട്ടിക്കൊണ്ടുപോയ കൗമാരക്കാരനെ കണ്ടെത്തിയത് 26 വർഷങ്ങൾക്ക് ശേഷം. 19 കാരനായ ഒമര്‍ ബിന്‍ ഒംറാനെയാണ് തട്ടിക്കൊണ്ടുപോകുന്നത്. ഇപ്പോൾ താമസസ്ഥലത്ത് നിന്ന് വെറും 100 മീറ്റർ അകലെയുളള അയല്‍ക്കാരന്റെ വീട്ടിൽ നിന്നാണ് ഇപ്പോൾ ഒമര്‍ ബിന്‍ ഒംറാനെ കണ്ടെത്തിയിരിക്കുന്നത്. അല്‍ജീരിയയിലെ ദിഹലഫയിലാണ് സംഭവം.
ഒമറിനെ സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ 1998-ലാണ് കാണാതാകുന്നത്. അന്ന് വൊക്കേഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന ഒമറിന്റെ പ്രായം 19 വയസ്സായിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തുന്ന സമയം കഴിഞ്ഞിട്ടും കാണാതായ ഒമറിനെ വീട്ടുകാരും നാട്ടുകാരും പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അയല്‍ക്കാരന്റെ വീട്ടിലെ രഹസ്യ അറയില്‍നിന്ന് ഒമറിനെ പൊലീസ് മോചിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിയായ 61-കാരനായ അയല്‍ക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തുണ്ടായ യുദ്ധത്തില്‍ ഒമര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നും വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒമറിനായി വീട്ടുകാര്‍ കാത്തിരിപ്പ് തുടര്‍ന്നു. മകനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഒമറിന്റെ മാതാവും. ഇതിനിടെ 2013-ലാണ് ഒമറിന്റെ മാതാവ് മരിക്കുന്നത്.അടുത്തിടെ സാമൂഹികമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള തിരോധാനക്കേസില്‍ നിര്‍ണായകമായത്.
തട്ടിക്കൊണ്ടു പോയ അയല്‍ക്കാരന്റെ സഹോദരനാണ് ഇതുസംബന്ധിച്ച് സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടത്. സംഭവത്തില്‍ അയല്‍ക്കാരന് പങ്കുണ്ടെന്നായിരുന്നു സഹോദരന്റെ ആരോപണം.ഇതറിഞ്ഞതോടെ ഒമറിന്റെ കുടുംബം അന്വേഷണ ഏജന്‍സികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസില്‍ പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിൽ അയല്‍ക്കാരന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഭൂഗര്‍ഭ അറയില്‍നിന്ന് ഒമറിനെ കണ്ടെത്തിയത്. ആടുകളെ വളര്‍ത്തുന്ന ഫാമില്‍ വൈക്കോല്‍ കൊണ്ട് മറച്ച രഹസ്യ അറയിലാണ് ഒമറിനെ അയല്‍ക്കാരന്‍ അടച്ചിട്ടിരുന്നത്. രഹസ്യഅറ തുറക്കുമ്പോൾ കമ്പിളി വസ്ത്രം ധരിച്ച് താടിയുള്ള ഒരാളെയാണ് പൊലീസ് സംഘം കണ്ടെത്തിയത്. പിന്നീട് അത് ഒമർ തന്നെയാണെന്ന് പൊലീസ് സംഘം സ്ഥിരീകരിക്കുകയായിരുന്നു.