കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അവസാനത്തെ അടവ്: കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ പാകിസ്ഥാൻ


ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കുമെന്ന് വിവരം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങൾക്കാണ് ചരടുവലി നടക്കുന്നത്. ഔഷധ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കുന്നതാണ് നിയമവിധേയമാക്കുന്നത്. കഞ്ചാവ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്‌തേക്കുമെന്നും റിപ്പോട്ടുകൾ പുറത്തുവരുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്ഥാൻ സർക്കാർ ഒരു ഓർഡിനൻസ് പാസാക്കിയിരുന്നു. ‘മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി കഞ്ചാവ് കൃഷി, വിൽപ്പന എന്നിവ നിയന്ത്രിക്കുന്നതിന് കനബീസ് കൺട്രോൾ റെഗുലേറ്ററി അതോറിറ്റി രൂപീകരിച്ചിരുന്നു. ഇതിൽ 13 അംഗങ്ങളാണ് ഉള്ളത്. 2020ൽ ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായിരിക്കെയാണ് ഇത്തരമൊരു അതോറിറ്റി രൂപീകരിക്കാൻ ആദ്യം നിർദേശിച്ചത്.

കയറ്റുമതി, വിദേശ നിക്ഷേപം, ആഭ്യന്തര വിൽപ്പന എന്നിവയിലൂടെ വരുമാനം വർദ്ധിപ്പിക്കാൻ രാജ്യത്തിന് കഴിയുമെന്ന് പാകിസ്ഥാൻ കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (പിസിഎസ്‌ഐആർ) ചെയർമാൻ സയ്യിദ് ഹുസൈൻ അബിദി ഒരു മാദ്ധ്യമത്തോട് പറഞ്ഞു.2022 മേയ് മാസത്തിന് ശേഷം ഏറ്റവും മോശം സാമ്പത്തികാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ കണക്കനുസരിച്ച് പാകിസ്ഥാനിലെ പണപ്പെരുപ്പ നിരക്ക് 25% ആയി ഉയർന്നിട്ടുണ്ട്. 1.9 ശതമാനമാണ്‌ രാജ്യത്തെ സാമ്പത്തിക വളർച്ച. ഉത്കണ്ഠ, വിഷാദം, വിട്ടുമാറാത്ത വേദന എന്നിവയ്‌ക്കൊക്കെ കഞ്ചാവ് നിർദ്ദേശിക്കപ്പെടുന്നു. കഞ്ചാവ് ദുരുപയോഗിക്കപ്പെടാൻ സാദ്ധ്യത കൂടുതലാണ്. വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് വാങ്ങുന്നവരിൽ നിന്ന് വൻ തുക പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.