ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പങ്കെടുത്തും പ്രസംഗിച്ചും നിറസാന്നിധ്യമായി ജസ്റ്റിൻ ട്രൂഡോ: പ്രതിഷേധം അറിയിച്ച് ഇന്ത്യ
ന്യൂഡൽഹി: ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രസംഗിച്ച സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് ഇന്ത്യ അതൃപ്തി അറിയിച്ചത്. ഏപ്രിൽ 28ന് ടൊറന്റോയിൽ നടന്ന ഖൽസ പരേഡിലായിരുന്നു ജസ്റ്റിൻ ട്രൂഡോ പങ്കെടുത്തത്.
ജസ്റ്റിൻ ട്രൂഡോ സംസാരിക്കാനായി വേദിയിലേക്ക് കയറവേ ‘ഖലിസ്ഥാൻ സിന്ദാബാദ്’ വിളികൾ ഉയരുകയായിരുന്നു. സംസാരിക്കുന്നതിനിടെയും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നു. പ്രതിപക്ഷനേതാവ് പിയറി പൊയിലിവർ സംസാരിക്കാനായി വേദിയിലേക്ക് കയറുമ്പോഴും സമാനമായ സ്ഥിതിയുണ്ടായി. സിഖ് സമുദായത്തിന്റെ അവകാശങ്ങൾ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രസംഗത്തിൽ ജസ്റ്റിൻ ട്രുഡോ വ്യക്തമാക്കി.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ഇന്ത്യയുടെ പ്രതിഷേധവും ആശങ്കയും ഹൈക്കമ്മിഷണറെ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. വിഘടനവാദത്തിനും തീവ്രവാദത്തിനും അക്രമത്തിനും കാനഡയുടെ മണ്ണിൽ വീണ്ടും ഇടം നൽകുന്നെന്നു വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും പ്രസ്താവനയിൽ വിശദീകരിക്കുന്നുണ്ട്.