വാഷിംഗ്ടൺ: അമേരിക്കയിൽ കപ്പലിടിച്ച് പാലം തകർന്നു. അമേരിക്കയിലെ ബാൾട്ടി മോറിലാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജാണ് തകർന്നത്. പറ്റാപ്സ്കോ നദിക്ക് കുറുകെയാണ് പാലം നിർമ്മിച്ചിട്ടുള്ളത്. ഏകദേശം രണ്ടര കിലോമീറ്റർ നീളമുള്ള നാലുവരി പാലമാണ് നദിയിലേക്ക് തകർന്ന് വീണത്.
അപകട സമയത്ത് നിരവധി വാഹനങ്ങൾ പാലത്തിൽ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീ പിടിച്ചിട്ടുണ്ട്. ബോൾട്ടിമോർ സിറ്റി സ്ക്വയർ ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം, പാലം തകർന്നതിനെ തുടർന്ന് ഇരുപതോളം ആളുകളാണ് വെള്ളത്തിലേക്ക് വീണത്. നിലവിൽ, ഈ മേഖലയിലെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം മറ്റൊരു വഴിയിലേക്ക് തിരിച്ചുവിട്ടു. അപകടത്തിന്റെ വീഡിയോകളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.