ന്യൂഡൽഹി : ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖ് സിറിയ എന്ന ഐഎസ്ഐഎസ് ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യ സംഘടനയുടെ തലവൻ ഹാരിസ് ഫാറൂഖി അടക്കം രണ്ട് ഭീകരർ അറസ്റ്റിൽ. അസം പോലീസാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. ദുബ്രിയിൽ നടന്ന അസം പോലീസിന്റെ പ്രത്യേക ഓപ്പറേഷനിലൂടെയാണ് ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഐഎസ് ഭീകരരെ പിടികൂടിയത്.
ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദുബ്രിയിലെ ധർമ്മശാല മേഖലയിൽ അസം പോലീസിന്റെ ഭാഗമായ പ്രത്യേക ടാസ്ക് ഫോഴ്സ് ആയ എസ്ടിഎഫ് പ്രത്യേക ഓപ്പറേഷനിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പിടികൂടിയത്. ഇന്ത്യയെ ഇസ്ലാമിക രാജ്യം ആക്കാൻ ആയി പ്രവർത്തിക്കുന്ന ഐഎസ് ഇന്ത്യ തലവൻ ഹാരിസ് ഫാറൂഖിയോടൊപ്പം അറസ്റ്റിൽ ആയിട്ടുള്ളത് മതം മാറ്റപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന അനുരാഗ് സിംഗ് എന്ന ഭീകരനാണ്.
ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയാണ് ഹാരിസ് ഫാറൂഖി. ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ അനുരാഗ് സിംഗ് ബംഗ്ലാദേശി പൗരയായ സ്ത്രീയെ വിവാഹം ചെയ്ത ശേഷം ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച ശേഷം ഇയാൾ റൈഹാൻ എന്ന് പേരു മാറ്റിയിരുന്നു . പിന്നീട് ഇയാൾ ഇസ്ലാമിക് സ്റ്റേറ്റ് ഇന്ത്യയുടെ സജീവ ഭാഗമായി മാറി. ഇന്ത്യയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ വേരുകൾ സ്ഥാപിച്ച് പ്രചാരണം നടത്തുകയാണ് ഇരുവരും ലക്ഷ്യം വെച്ചിരുന്നത്. പിടികൂടിയ രണ്ട് ഭീകരരേയും എൻഐഎയ്ക്ക് കൈമാറുമെന്ന് അസം പോലീസ് വ്യക്തമാക്കി.