ആദ്യമായി ന്യൂറലിങ്ക് ചിപ് തലയിൽ സ്ഥാപിച്ച, കഴുത്തിന് താഴെ തളർന്ന മനുഷ്യന് ചിന്തകൊണ്ട് മൗസ് നിയന്ത്രിക്കാൻ സാധിക്കുന്നു


ന്യൂറലിങ്കിന്റെ ബ്രെയിൻ ചിപ് ആദ്യമായി തലയിൽ സ്ഥാപിച്ച മനുഷ്യന് ഇപ്പോൾ ചിന്തകൊണ്ട് മൗസ് നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട് എന്ന് ഇലോൺ മസ്ക്. കഴിഞ്ഞ മാസം ന്യൂറലിങ്ക് ബ്രെയിൻ ചിപ്പ് ഇംപ്ലാൻ്റ് സ്വീകരിച്ച ആദ്യത്തെ രോഗി പൂർണ്ണമായും സുഖം പ്രാപിച്ചുവെന്ന് മസ്ക് വെളിപ്പെടുത്തിയിരുന്നു. അ‌തിന് പിന്നാലെയാണ് ഇപ്പോൾ പുതിയ അ‌പ്ഡേറ്റ് എത്തിയിരിക്കുന്നത്.

ശസ്ത്രയക്രിയയ്ക്ക് വിധേയനായ ആൾക്ക് ചിന്തകൾ ഉപയോഗിച്ച് കമ്പ്യൂട്ടർ മൗസിനെ നിയന്ത്രിക്കാൻ കഴിയുന്നു​ണ്ട് എന്നാണ് മസ്‌കിന്റെ വെളിപ്പെടുത്തൽ. ഇതിനെ സാധൂകരിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടു. ഓൺലൈൻ വീഡിയോ ഗെയിം കളിച്ചു കൊണ്ടായിരുന്നു 29 കാരനായ യുവാവിന്റെ സ്വയം പരിചയപ്പെടുത്തൽ.

നോലൻഡ് ആർബോ എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. ഒരു അപകടത്തിൽ കഴുത്തിന് താഴെ തളർന്ന രോഗിയായിരുന്നു നോലൻഡ്. ഓൺലൈൻ ചെസ് കളിച്ചു കൊണ്ടിരിക്കുന്ന ലാപ്ടോപ്പ് കാട്ടി അതിൽ മൂവ് ചെയ്യുന്ന കർസർ (cursor) ആണ് താൻ എന്നദ്ദേഹം പറഞ്ഞു. തന്റെ തലച്ചോറിൽ ഉറപ്പിച്ചിരിക്കുന്ന ചിപ്പ് മൂലം തന്റെ ചിന്തകളെ ഉദ്ദീപിപ്പിച്ചാണ് താൻ ഈ ഗെയിം കളിക്കുന്നതെന്നും നോലൻഡ് വെളിപ്പെടുത്തി.

കീബോർഡിലോ കീപാഡിലോ ടൈപ് ചെയ്യാതെ, ചിന്തിക്കുമ്പോൾ തന്നെ അതിനനുസരിച്ചു പ്രവർത്തിക്കുന്ന കംപ്യൂട്ടറും മൊബൈൽ ഫോണും യാഥാർഥ്യമാക്കാൻ ഈ ചിപ്പിന് കഴിയുമെന്നാണ് ഇതിലൂടെ കരുതപ്പെടുന്നത് . ഇപ്പോൾ പരീക്ഷണത്തിൽ ഉണ്ടായിരിക്കുന്ന മുന്നേറ്റം ഈ പ്രതീക്ഷകൾക്ക് കരുത്തുപകരുന്നുണ്ട്. തലച്ചോറുമായി ബന്ധപ്പെട്ട ശാരീരിക വെല്ലുവിളികൾ നേരിടുന്നവരെ സഹായിക്കാൻ കഴിയുന്ന വിധത്തിലുള്ള പല പരീക്ഷണങ്ങളും ന്യൂറലിങ്ക് നടത്തിവരികയാണ്.

ന്യൂറലിങ്കിൻ്റെ സാങ്കേതികവിദ്യ “ലിങ്ക്” എന്നറിയപ്പെടുന്ന ഒരു ഇംപ്ലാൻ്റിനെ ആശ്രയിച്ചിരിക്കുന്നു, ഏകദേശം അഞ്ച് സഞ്ചിത നാണയങ്ങളുടെ വലുപ്പമുള്ള ഈ ഉപകരണം മനുഷ്യ മസ്തിഷ്കത്തിനുള്ളിൽ സ്ഥാപിക്കുന്നതിന് സങ്കീർണമായ ശസ്ത്രക്രിയ ആവശ്യമാണ്. മുടിനാരിഴയേക്കാൾ നേർത്ത 64 ചെറുനാരുകളാണ് ഈ ചിപ്പിലുള്ളത്. ഇതിലെ 1024 ഇലക്ട്രോഡുകളാണ് വിവരങ്ങൾ ഒപ്പിയെടുക്കുന്നത്. വയർലെസായി ചാർജ് ചെയ്യാവുന്ന ബാറ്ററിയുമുണ്ട്.മനുഷ്യ മസ്തിഷ്കത്തിനും കമ്പ്യൂട്ടറുകൾക്കുമിടയിൽ നേരിട്ടുള്ള ആശയവിനിമയ പാതകൾ സ്ഥാപിക്കുക എന്നതും ന്യൂറലിങ്കിന്റെ ലക്ഷ്യമാണ്.