ഇസ്രായേലിലെത്തിയത് സഹോദരനൊപ്പം, കർഷക ഫാമിൽ ജോലി, അപ്രതീക്ഷിത മരണത്തോടെ ഗര്‍ഭിണിയായ ഭാര്യയേയും മകളെയും തനിച്ചാക്കി നിബിൻ


കൊല്ലം: ഏറെ പ്രതീക്ഷകളുമായിട്ടായിരുന്നു നിബിന്‍ മാക്‌സ്‌വെല്‍ ഇസ്രയേലിലേക്ക് വിമാനം കയറിയത്. എന്നാൽ അവിടെ തന്നെ കാത്തിരിക്കുന്നത് മരണം ആയിരുന്നുവെന്ന് അയാൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല. സഹോദരനായ ജോസഫും പോള്‍ മെല്‍വിനും അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നു. വടക്കന്‍ ഇസ്രയേലിലെ ഒരു കാര്‍ഷിക ഫാമിലായിരുന്നു മൂവര്‍ക്കും ജോലി.

എന്നാല്‍, എല്ലാ സ്വപ്‌നങ്ങളേയും പ്രതീക്ഷകളേയും തകര്‍ത്തുകൊണ്ടാണ് നിബിന്റെ വീട്ടിലേക്ക് ആ ഫോണ്‍വിളിയെത്തിയത്. കുടുംബത്തെ തീരാദുഃഖത്തിലേക്ക് തള്ളിവിടുന്നതായിരുന്നു ആ ഫോൺകോൾ. ‘മൂത്തമോനാണ് എന്നെ വിളിച്ച് കാര്യം പറയുന്നത്. അപകടം പറ്റിയെന്നാണ് പറഞ്ഞത്. പിന്നെ ഞാനറിയുന്നത് മകന്റെ മരണവാര്‍ത്തയാണ്. രാത്രി പന്ത്രണ്ടര, പന്ത്രണ്ടേമുക്കാലോടെയാണ് മരണവാര്‍ത്ത അറിഞ്ഞത്’, നിബിന്‍റെ പിതാവ് പത്രോസ് പറഞ്ഞു.

വൈകീട്ട് നാലരയോടെയാണ് നിബിന് പരിക്കേറ്റ വിവരം വീട്ടിലറിയുന്നത്. അപകടത്തില്‍ പരിക്കേറ്റുവെന്നാണ് ഇസ്രയേലില്‍തന്നെ ജോലിചെയ്യുന്ന സഹോദരന്‍ നിവിന്‍ ആദ്യം പറഞ്ഞത്. നിബിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാലുദിവസത്തിനകം ഇന്ത്യയിലെത്തിക്കും. ഇതിനായി ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടുവെന്നും നിവിന്‍ പറഞ്ഞു.

ആക്രമണത്തിന് തൊട്ടുമുമ്പ് നിബിന്‍ പിതാവുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ഒരു ബന്ധു പറഞ്ഞു. മേഖലയിലെ സംഘര്‍ത്തെക്കുറിച്ചുള്ള ആശങ്ക മകനുമായി അദ്ദേഹം പങ്കുവച്ചിരുന്നു. ഇപ്പോഴുള്ള സ്ഥലത്തുനിന്ന് കൂടുതല്‍ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് നിബിന്‍ മറുപടി പറഞ്ഞത്.

കൊല്ലം എം.എല്‍.എ. മുകേഷ് നിബിന്റെ വീട് സന്ദര്‍ശിച്ചു. കുടുംബത്തെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്ന് അദ്ദേഹം സന്ദര്‍ശനശേഷം പറഞ്ഞു. ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയേയും അഞ്ചുവയസുള്ള മകളേയും തനിച്ചാക്കിയാണ് നിബിന്‍ യാത്രയായത്.