ഹമാസ് ഭീകരർ മൃതദേഹങ്ങളെ പോലും കൂട്ടബലാത്സംഗം ചെയ്തു, ബന്ദികൾ ഇപ്പോഴും ലൈംഗിക പീഡനങ്ങൾക്കിരകളാകുന്നെന്ന് ഐക്യരാഷ്ട്രസഭ
ന്യൂയോർക്ക്: ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി ആക്രമണം നടത്തിയ ഹമാസ് ഭീകരർ സ്ത്രീകളെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് ഐക്യരാഷ്ട്രസഭ. ഇസ്രയേലിൽ കടന്നുകയറിയ ഹമാസ് ഭീകരർ മൂന്ന് സ്ഥലങ്ങളിൽവച്ച് സ്ത്രീകളെ ബലാത്സംഗത്തിനും കൂട്ടബലാത്സംഗത്തിനും ഇരകളാക്കിയെന്നും സ്ത്രീകളുടെ മൃതശരീരങ്ങളുമായി പോലും ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെട്ടെന്നും ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യു.എൻ സ്‌പെഷൽ റെപ്രസെന്റേറ്റീവ് ഓൺ സെക്ഷ്വൽ വയലൻസ് ഇൻ കോൺഫ്‌ളിക്ട് പ്രമില പാറ്റേണിന്റെ റിപ്പോർട്ടിലാണ് ഹമാസ് നടത്തിയ കൊടുംക്രൂരതകളെ കുറിച്ചുള്ള വിവരങ്ങളുള്ളത്. ഹമാസിന്റെ ലൈംഗിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഒക്ടോബർ ഏഴിന് നടന്ന ആക്രമണവേളയിലും പിന്നീട് ബന്ദികളെ ഗാസയിലേക്ക് കൊണ്ടുപോയപ്പോഴും ബലാത്സംഗങ്ങളും കൂട്ട ബലാത്സംഗങ്ങളും നടന്നു. ബന്ദികളിൽ ചിലർ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ബന്ദികളായി തുടരുന്നവർക്കു നേരെ ഇത്തരം ആക്രമണം നടക്കുന്നതായും കരുതുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഇസ്രയേൽ ഹമാസിന് നേർക്ക് ബലാത്സംഗ-ലൈംഗിക കുറ്റകൃത്യ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും യു.എൻ. നടപടികൾ വളരെ സാവധാനത്തിലായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഫെബ്രുവരി ആദ്യമാണ് പ്രമില, വിദഗ്ധർക്കൊപ്പം ഇസ്രയേലും വെസ്റ്റ് ബാങ്കും സന്ദർശിച്ചത്.
ഒക്ടോബർ ഏഴിന് ഹമാസും മറ്റ് സായുധസംഘങ്ങളും സിവിലിയന്മാർക്കും സൈനിക കേന്ദ്രങ്ങൾക്കും നേർക്ക് നടത്തിയ സംഘടിത ആക്രമണത്തിൽ, വിവിധയിടങ്ങളിൽ ബലാത്സംഗവും കൂട്ടബലാത്സംഗവും പോലെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ നടന്നെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയത് മൂന്നു കേന്ദ്രങ്ങളിലെങ്കിലും-നോവ മ്യൂസിക് ഫെസ്റ്റിവൽ വേദിയും അതിന്റെ പരിസരവും, റോഡ് 232, കിബ്ബുറ്റ്‌സ് റേയിം എന്നിവിടങ്ങളിൽ ലൈംഗിക കുറ്റകൃത്യങ്ങൾ നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളെ ആദ്യം ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമാണ് കൂടുതൽ സംഭവങ്ങളിലുമുണ്ടായത്. സ്ത്രീകളുടെ മൃതശരീരം ബലാത്സംഗം ചെയ്ത, രണ്ടു സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ബലാത്സംഗത്തിന് ഇരയായവരോട് മുന്നോട്ടുവരാനും സംഭവത്തെ കുറിച്ച് പറയാനും ആവശ്യപ്പെട്ടെങ്കിലും ആരും അതിന് തയ്യാറായിട്ടില്ല. എന്നിരുന്നാലും ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ഇരകളായവർ, സാക്ഷികൾ, ആരോഗ്യ സേവനദാതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ സമിതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അയ്യായിരം ഫോട്ടോകളും ആക്രമണത്തിന്റെ അമ്പതുമണിക്കൂർ ദൈർഘ്യമുള്ള വീഡിയോകളും സമിതി പരിശോധിച്ചിരുന്നു.