ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ മാലദ്വീപില്‍ നിന്ന് പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായെന്ന് അവകാശപ്പെട്ട് മാലിദ്വീപ് രംഗത്ത് എത്തി. മാലിദ്വീപ് വിദേശകാര്യമന്ത്രാലയത്തിന്റേതാണ് പ്രതികരണം. മാര്‍ച്ച് പതിനഞ്ചിനകം ഇന്ത്യന്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരും മാലിദ്വീപ് വിദേശകാര്യമന്ത്രാലയവും നടത്തിയ ചര്‍ച്ചയില്‍ മാലിദ്വീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ധാരണയായെന്നാണ് മാലിദ്വീപിന്റെ അവകാശവാദം. പ്രസിഡന്റ് മുഹമ്മദ് മൊയിസുവിന്റെ ചൈനീസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലിദ്വീപ് നിലപാട് കടുപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍, പരസ്പര സഹകരണത്തിനുള്ള നടപടികള്‍ തുടരുമെന്നാണ് ഇന്ത്യ യോഗത്തിന് ശേഷം വ്യക്തമാക്കിയത്. ഇന്ത്യന്‍ സൈനിക വിമാനങ്ങളും മറ്റ് സേവനങ്ങളും മാലിദ്വീപില്‍ തുടരുന്നതും ചര്‍ച്ചയായെന്നും അടുത്ത ചര്‍ച്ച ഇന്ത്യയില്‍ നടക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മാലിദ്വീപ് മുന്‍ ഗവണ്‍മെന്റിന്റെ അഭ്യര്‍ത്ഥന പ്രകാരം വര്‍ഷങ്ങളായി മാലിദ്വീപില്‍ ഇന്ത്യന്‍ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണ സഹായത്തിനുമായിരുന്നു ഇന്ത്യന്‍ സൈനിക സഹായം മാലിദ്വീപ് തേടിയത്.