ന്യൂഡല്‍ഹി: ചെങ്കടലില്‍ ചരക്ക് കപ്പലിന് നേരേ വീണ്ടും ഡ്രോണ്‍ ആക്രമണം. ഗാബോണ്‍ എന്ന ആഫ്രിക്കന്‍ രാജ്യത്തിന്റെ കൊടി വഹിക്കുന്ന എം.വി.സായിബാബ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിലെ ജീവനക്കാരില്‍ 25 ഇന്ത്യക്കാരാണുള്ളത്. ഇവരടക്കം എല്ലാവരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നും സേന വ്യക്തമാക്കി. എന്നാല്‍ കപ്പലിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചോ എന്ന കാര്യം വ്യക്തമല്ല.
Read Also: ലോറന്‍സ് ബിഷ്‌ണോയിയുടെ അഭിമുഖങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ളാറ്റ്ഫോമുകളില്‍ നിന്നും നീക്കണം: ഹൈക്കോടതി ഉത്തരവ്
ഗുജറാത്ത് തീരത്തിനടുത്ത് മറ്റൊരു ചരക്ക് കപ്പലിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായിരുന്നു. പോര്‍ബന്തര്‍ തീരത്തിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
കപ്പലില്‍ സ്‌ഫോടനമുണ്ടായി തീപിടിച്ചു. ഇതേത്തുടര്‍ന്ന് കപ്പലിന് സാരമായ തകരാറും ഉണ്ടായി. എന്നാല്‍ കപ്പലില്‍ ഉണ്ടായിരുന്ന 20 ഇന്ത്യാക്കാരടക്കം ആര്‍ക്കും തീ വേഗത്തില്‍ അണച്ചതിനാല്‍ പരിക്കേറ്റില്ല.
വിവരം കിട്ടിയ ഉടന്‍ ഇന്ത്യന്‍ നാവികസേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകള്‍ ആക്രമണം നേരിട്ട കപ്പലിന് അടുത്തേക്ക് തിരിച്ചിരുന്നു. ഈ കപ്പല്‍ മുംബൈ തീരത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് മറ്റൊരു കപ്പലിന് നേരേ ആക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.