എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ആയുസ് പ്രവചിക്കാം: കണ്ടെത്തലുമായി ശാസ്ത്രജ്ഞർ


എഐ ഉപയോ​ഗിച്ച് ഒരാളുടെ ആയുസ് പ്രവചിക്കാനാകും എന്ന അവകാശവാദവുമായി രം​ഗത്ത് വന്നിരിക്കുകയാണ് ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്കിലെ ​ഗവേഷകർ. ഡെൻമാർക്കിലെ ജനങ്ങളുടെ വ്യക്തിഗത ഡാറ്റ ഉപയോഗിച്ചാണ് ഈ എഐ മോഡലിനെ പരിശീലിപ്പിച്ചിരിക്കുന്നത്. ലൈഫ്2വെക് എന്നാണ് ഈ എഐ മോ‍ഡലിന് പേരു നൽകിയിരിക്കുന്നത്. 78 ശതമാനം കൃത്യതയോടെ ഈ മോഡലിന് മരണം പ്രവചിക്കാനാകുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. വ്യക്തികളുടെ വരുമാനം, വിദ്യാഭ്യാസം, മെഡിക്കൽ ഹിസ്റ്ററി, തൊഴിൽ എന്നിവയെല്ലാം പരിശോധിച്ചാണ് ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്.

ഓരോരുത്തരുടെയും ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളെ ആസ്പദമാക്കിയാകും ഈ എഐ മോഡൽ ആയുസ് പ്രവചിക്കുകയെന്നും ​ നിലവിലുള്ള ഏതൊരു സംവിധാനത്തേക്കാളും കൂടുതൽ കൃത്യമായി, ആളുകൾ എപ്പോൾ മരിക്കുമെന്ന് പ്രവചിക്കാൻ ഈ എഐ മോഡലിന് കഴിയുമെന്നും ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെന്മാർക്കിലെ ഗവേഷകർ പറയുന്നു. ‘മരണം പ്രവചിക്കാനുള്ള ഒരു സംവിധാനം വേണമെന്ന് ആളുകൾ വർഷങ്ങളായി ആലോചിക്കുന്ന ഒരു കാര്യമാണ്. അക്കാര്യത്തെക്കുറിച്ച് ‍ഞങ്ങൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു,’ പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞരിൽ ഒരാളായ സുനെ ലേമാൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു! പുതിയ നീക്കവുമായി ഗൂഗിൾ

2008 മുതൽ 2020 വരെ, ആറു മില്യൻ ആളുകളെയാണ് ​ഗവേഷകർ പഠനവിധേയമാക്കിയത്. പ്രായം, ലിം​ഗം എന്നിവ കാണിക്കിലെടുക്കാതെ ആയിരുന്നു പഠനം. ഏതെങ്കിലും മാനസികാരോ​ഗ്യ പ്രശ്നങ്ങൾ ഉള്ളവർ നേരത്തേ മരിക്കുന്നതായും ഉയർന്ന വരുമാനം ഉള്ളവർക്കും ഉന്നത ലീഡർഷിപ്പ് റോളുകളിൽ ഉള്ളവർക്കും മറ്റുള്ളവരെ അപേക്ഷിച്ച് ആയുസ് കൂടുതലുള്ളതായും പഠനത്തിൽ കണ്ടെത്തിയെന്ന് ​ഗവേഷകർ പറയുന്നു.