ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ക്വിയാൻഡോ തടാകത്തിന്റെ ഉപരിതലത്തിന് കീഴിലുള്ള ഒരു നഗരം 64 വർഷമായി വെള്ളത്തിനടിയിലാണ്. സിനാൻ ജലവൈദ്യുത പദ്ധതിക്ക് വേണ്ടിയാണ് 1959 -ൽ ഷെജിയാങ് പ്രവിശ്യയിലെ ഷിചെങ് നഗരത്തെ മനഃപൂർവം മുക്കിക്കളഞ്ഞത്. വു ഷി പർവതത്തിനടുത്തോ ‘ഫൈവ് ലയൺ മൗണ്ടൻ’ എന്നോ ഉള്ളതിനാൽ ഷിചെങ്ങിനെ ലയൺ സിറ്റി എന്ന് വിളിക്കാറുണ്ട്. അതിന്റെ ചരിത്രവും ഉത്ഭവവും ഒരു തുടർച്ചയായ രഹസ്യമാണ്.
ഇത് പലപ്പോഴും ‘കിഴക്കിന്റെ അറ്റ്ലാന്റിസ്’ എന്ന് പരാമർശിക്കുന്നതിൽ അതിശയിക്കാനില്ല. എന്നാൽ എന്തുകൊണ്ടാണ് വെള്ളപ്പൊക്കമുണ്ടായതെന്ന് അറിയാമോ? സിനാൻ ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കുന്നതിന് ഗവൺമെന്റിന് നഗരം ആവശ്യമായിരുന്നതിനാൽ പുരോഗതിക്ക് വേണ്ടി നഗരം മുക്കുകയായിരുന്നു. തടാകത്തിന്റെ ഉപരിതലത്തിൽ നിന്നും 40 മീറ്റർ താഴെയായിട്ടാണ് ഇപ്പോൾ ഈ നഗരം സ്ഥിതി ചെയ്യുന്നത്. ജലവൈദ്യുത പദ്ധതിക്ക് വേണ്ടി അന്ന് 300,000 ആളുകളെയാണ് ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചതെന്നും നാഷണൽ ജിയോഗ്രാഫിക് പറയുന്നു.
600 വർഷം പഴക്കമുള്ള ഈ നഗരത്തിൽ ഇനി എന്തൊക്കെ അവശേഷിക്കുന്നുണ്ട് എന്ന് അറിയുന്നതിന് വേണ്ടി 2001-ൽ ചൈനീസ് സർക്കാർ ഒരു പര്യവേഷണസംഘത്തെ ഇവിടേക്ക് അയച്ചു. 1368 മുതൽ 1912 വരെ ഭരിച്ചിരുന്ന മിംഗ്, ക്വിംഗ് രാജവംശ കാലത്തെ ശിലാ വാസ്തുവിദ്യയാണ് ഇവിടെയുള്ളത് എന്ന് ബിബിസി പറയുന്നു. 2011 -ൽ നാഷണൽ ജിയോഗ്രാഫിക് ചില ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ വെള്ളത്തിനടിയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലെ ഇതുവരെ പുറത്ത് കാണാത്ത പല കാഴ്ചകളും പെടുന്നു. ഈ നഗരത്തിന് അഞ്ച് പ്രവേശന കവാടങ്ങളാണ് ഉള്ളതെന്ന് കാണാം.
വിശാലമായ തെരുവുകളാണ് ഇവിടെയുള്ളത്. അതിൽ 265 കമാനപാതകളും ഉണ്ട്. അവയിൽ സിംഹങ്ങൾ, ഡ്രാഗണുകൾ, ഫീനിക്സ്, ചരിത്ര ലിഖിതങ്ങൾ എന്നിവയുടെയെല്ലാം സംരക്ഷിക്കപ്പെട്ട ശിലാഫലകങ്ങളും ഉൾപ്പെടുന്നു. വെള്ളത്തിന്റെ അടിയിലാണെങ്കിലും നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടു കിടക്കുകയാണ് ഈ നഗരം. ഇന്ന് ഇവിടം സന്ദർശിക്കാനും സാധിക്കും. എന്നാൽ, ആഴമുള്ള സ്ഥലത്ത് ഡൈവിംഗ് നടത്തി നല്ല പരിചയമുള്ളവർക്ക് മാത്രമേ അതിന് അനുമതിയുള്ളൂ.