കൈലാസ രാജ്യം എവിടെയെന്ന് ആര്‍ക്കും അറിയില്ല, പക്ഷേ കൈലാസയുമായി കരാര്‍ ഒപ്പിട്ട് പാരഗ്വായ്


ബുവാനസ് ഐറിസ്: നിരവധി ക്രിമിനല്‍ കേസുകളില്‍ ഇന്ത്യ തിരയുന്ന സ്വയം പ്രഖ്യാപിത ഗുരു നിത്യാനന്ദ സ്ഥാപിച്ച സാങ്കല്‍പ്പിക രാജ്യമായ കൈലാസയുമായി കരാര്‍ ഒപ്പിട്ട് പുലിവാലു പിടിച്ച് പാരഗ്വായ് കൃഷിമന്ത്രാലയം.  സംഭവം വിവാദമായതോടെ വകുപ്പു തലവന്‍ അര്‍നാള്‍ഡോ ചമോറോയെ നീക്കി. പാരഗ്വായിലെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ വ്യാപകമാവുകയും സംഭവം രാജ്യാന്തരതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തതോടെയാണ് ഉദ്യോഗസ്ഥന്റെ പണി തെറിച്ചത്.

സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കരാര്‍ പ്രകാരം ‘കൈലാസ’യുമായി നയതന്ത്രബന്ധം, യുഎന്‍ അടക്കമുള്ള രാജ്യാന്തര സംഘടനകളില്‍ അംഗത്വം ലഭിക്കുന്നതിനുള്ള പിന്തുണ എന്നിവയൊക്കെ ലക്ഷ്യമിട്ടിരുന്നു.

സാങ്കല്‍പ്പിക രാജ്യത്തിന്റെ പ്രതിനിധി തനിക്കൊപ്പം പാരഗ്വായുടെ കൃഷിമന്ത്രി കാര്‍ലോസ് ഗിംനസിനെ സന്ദര്‍ശിച്ചതായി റേഡിയോ അഭിമുഖത്തില്‍ ചമോറോ വ്യക്തമാക്കി.

കൈലാസം എന്ന രാജ്യം എവിടെയാണെന്ന ചോദ്യത്തിന് അത് തനിക്കറിയില്ലെന്നു ചമോറോ പറഞ്ഞു. ജലസേചനം ഉള്‍പ്പെടെ വിഷയങ്ങളില്‍ സഹായിക്കാന്‍ അവര്‍ സന്നദ്ധത അറിയിച്ചപ്പോള്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു എന്നാണു ചമോറോയുടെ വാദം.

നിത്യാനന്ദ എവിടെയാണുള്ളതെന്ന് വ്യക്തമല്ല. ഈ വര്‍ഷമാദ്യം കൈലാസയുടെ പ്രതിനിധി ജനീവയിലെ യുഎന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തത് വാര്‍ത്തയായിരുന്നു.