ചൈനയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത നിഗൂഢ ശ്വാസകോശ രോഗം ലോക രാജ്യങ്ങളില്‍ വ്യാപിക്കുന്നു


വാഷിംഗ്ടണ്‍: ചൈനയില്‍ പടര്‍ന്ന് പിടിക്കുന്ന ശ്വാസകോശ രോഗത്തിന് സമാനമായ രോഗം അമേരിക്കയിലും കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ ഒഹിയോ എന്ന സ്ഥലത്ത് ഏകദേശം 150 കുട്ടികളിലാണ് ന്യുമോണിയക്ക് സമാനമായ രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗം കുട്ടികളും എട്ട് വയസ്സിന് താഴെയുള്ളവരാണ്. വൈറ്റ് ലംഗ് സിന്‍ഡ്രോം എന്നാണ് രോഗത്തെ താത്കാലികമായി വിളിക്കുന്നത്. ചുമ, തുമ്മല്‍, സംസാരം, എന്നിവയിലൂടെയാണ് ഈ രോഗം പകരുന്നത്.

ചുമ, ശ്വാസതടസ്സം, നെഞ്ച് വേദന, കഫകെട്ട്, ക്ഷീണം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണമായി ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഇന്‍ഫ്ളുവന്‍സാ, കൊറോണ തുടങ്ങിയ രോഗങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഈ ശ്വാസകോശ രോഗം രൂപപ്പെട്ടതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. എന്നാലും നിലവില്‍ രോഗത്തിന്റെ കാരണം അജ്ഞാതമായി തുടരുകയാണ്.