2028ല്‍ സിഒപി 33 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാം:  പ്രധാനമന്ത്രി നരേന്ദ്ര മോദി


ന്യൂഡല്‍ഹി: 2028 ല്‍ സിഒപി 33 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കാമെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുബായില്‍ നടക്കുന്ന സിഒപി കാലാവസ്ഥാ ഉച്ചകോടിയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ‘കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട യുഎന്‍ ചട്ടക്കൂടിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ്, 2028 ല്‍ ഇന്ത്യയില്‍ കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നത്’, മോദി പറഞ്ഞു. സിഒപി എന്നറിയപ്പെടുന്ന യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ 28-ാമത് സമ്മേളനം ഡിസംബര്‍ 12ന് സമാപിക്കും.

ഇന്ത്യ, പരിസ്ഥിതിയും സമ്പദ് വ്യവസ്ഥയും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ മാതൃകയാണെന്ന് മോദി പറഞ്ഞു. ആഗോള ജനസംഖ്യയുടെ 17 ശതമാനമാണ് ഇന്ത്യയിലുള്ളത്. എന്നാലും, ആഗോള കാര്‍ബണ്‍ പുറന്തള്ളലില്‍ ഇന്ത്യയുടെ സംഭാവന 4 ശതമാനത്തില്‍ താഴെയാണ്. എന്‍ഡിസി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പാത പിന്തുടരുന്ന ലോകത്തിലെ ചുരുക്കം ചില സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഉച്ചകോടിയ്‌ക്കൊപ്പം മറ്റ് മൂന്ന് ഉന്നതതല പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു എന്നിവരുമായി ചില നേതാക്കളുമായും ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്താനും സാധ്യതയുണ്ട്. 200 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.