സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാർ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിൽ ഇന്ത്യയോട് കൂടുതൽ സഹകരണം തേടി കാനഡ. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെതിരെയുള്ള വധശ്രമം പരാജയപ്പെടുത്തിയെന്ന അമേരിക്കയുടെ ആരോപണത്തിന് പിന്നാലെയാണ് ഇന്ത്യ അന്വേഷണത്തോട് കൂടുതൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് വന്നത്
‘അമേരിക്കയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ നമ്മൾ ആദ്യം മുതൽ സംസാരിച്ചിരുന്നതിനെ കൂടുതൽ അടിവരയിടുന്നതാണ്. അതായത് ഇന്ത്യ ഇത് ഗൗരവമായി കാണേണ്ടതുണ്ട്,’ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.
ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം: അമേരിക്കയുടെ നിയമനടപടികൾക്കെതിരെ ഇന്ത്യ
നേരത്തെ, ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരായ കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തി. പന്നൂനിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും അയാളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ ഡൽഹി ഉൾപ്പെട്ടിട്ടുണ്ടെന്ന ആശങ്കയിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നിഖിൽ ഗുപ്തക്കെതിരെ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയത്.
എന്നാൽ, ഉഭയകക്ഷി സുരക്ഷയെക്കുറിച്ച് യുഎസുമായി നടത്തിയ ചർച്ചയിൽ ഇതിനകം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും സഹകരണം, സംഘടിത കുറ്റവാളികൾ, തീവ്രവാദികൾ എന്നിവരും മറ്റുള്ളവരും തമ്മിലുള്ള അവിശുദ്ധ ബന്ധവുമായി ബന്ധപ്പെട്ട വിവരങ്ങളും യുഎസുമായി പങ്കിട്ടു എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. ഉയർന്നിരിക്കുന്ന ആരോപണങ്ങളെയും വിഷയത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെയും ഗൗരവമായി പരിഗണിച്ചുകൊണ്ടാണ് പ്രതികരണമെന്നും അദ്ദേഹം വ്യക്തമാക്കി.