സ്‌ക്രീം-7 (scream-7) സിനിമാ സീരിസിൽ നിന്ന് നടി മെലീസ ബരേരയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. പലസ്തീനെ പിന്തുണച്ച് നടി രംഗത്തെത്തിയതിന് പിന്നാലെയാണ് അവരെ സിനിമയില്‍ നിന്ന് പുറത്താക്കിയത്.
ജൂതവിരോധം വ്യക്തമാക്കുന്ന പോസ്റ്റാണ് മെലീസയുടേതെന്ന് സിനിമയുടെ ബാനറായ സ്‌പൈഗ്ലാസ് മീഡിയ ഗ്രൂപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായാണ് മെലീസയെ സിനിമയില്‍ നിന്ന് പുറത്താക്കിയത്.ജൂതവിരോധവും വിദ്വേഷവും ഉണര്‍ത്തുന്ന വാക്കുകളും പ്രവര്‍ത്തിയും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് സ്‌പൈഗ്ലാസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇസ്രായേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തിലായിരുന്നു മെലീസയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഗാസയില്‍ ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്നായിരുന്നു മെലീസയുടെ പോസ്റ്റില്‍ പറഞ്ഞത്.തുടര്‍ന്ന് മെലീസയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതായി പ്രൊഡക്ഷന്‍ കമ്പനി അറിയിച്ചു. സ്‌ക്രീം-7ല്‍ സുപ്രധാന വേഷമവതരിപ്പിക്കേണ്ടയാളായിരുന്നു മെലീസ. സ്‌ക്രീം 5ലും സ്‌ക്രീം6ലും അവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
Also read-ഗാസയിൽ 4 ദിവസത്തെ വെടിനിർത്തലിന് കരാറിന് തയ്യാറായി ഇസ്രായേൽ; 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും
ഒക്ടോബര്‍ 7നാണ് ഹമാസ് പോരാളികള്‍ ഇസ്രായേലിനെതിരെ ആക്രമണം നടത്തിയത്. നിരവധി ഇസ്രായേലി പൗരന്‍മാരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ ഇസ്രായേലും പ്രത്യാക്രമണം നടത്തി. ഗാസയില്‍ നടത്തിയ ഇസ്രായേല്‍ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
അതേസമയം ഗാസയില്‍ താത്ക്കാലിക വെടിനിര്‍ത്തലിന് കരാറായിട്ടുണ്ട്. നാലു ദിവസത്തെ വെടിനിര്‍ത്തലിനാണ് ഇസ്രായേല്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചത്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ. വെടിനിര്‍ത്തലിനു പകരമായി ആദ്യഘട്ടത്തില്‍ 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവരെയാണ് മോചിപ്പിക്കുക.
അതേസമയം, ഹമാസിനെ തുടച്ചു നീക്കാതെ യുദ്ധം പൂര്‍ണമായി അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേല്‍. 150 ബന്ദികളാണ് ഹമാസിന്റെ പിടിയിലുള്ളത്. ദിവസം 12 ബന്ദികള്‍ എന്ന നിലയില്‍ നാല് ദിവസത്തില്‍ 50 ബന്ദികള്‍ എന്ന നിലയിലാണ് മോചനം. നാല് ദിവസത്തിന് ശേഷം കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് തയ്യാറായാല്‍ വെടിനിര്‍ത്തല്‍ തുടരുമെന്നും ഇസ്രായേല്‍ അറിയിച്ചു.
അതിനിടയില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 ആയി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇസ്രായേല്‍ ആക്രമണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഗാസയിലെ അൽ ഷിഫ ആശുപത്രിയിലാണ്. എന്നാല്‍ ഹമാസിന്റെ പ്രവര്‍ത്തനം ഷിഫ ആശുപത്രിയുടെ മറവില്‍ ആണെന്നും സൈനിക ലക്ഷ്യങ്ങള്‍ക്കായി ആശുപത്രിയുടെ സൗകര്യം ഹമാസ് ഉപയോഗിക്കുന്നുണ്ടെന്നും ആണ് ഇസ്രായേലിന്റെ ആരോപണം. കൂടാതെ ആശുപത്രിക്ക് താഴെയുള്ള തുരങ്കങ്ങളില്‍ കമാന്‍ഡ് സെന്ററുകള്‍ സ്ഥാപിച്ചുകൊണ്ട് ഹമാസ് ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇസ്രായേല്‍ അവകാശപ്പെടുന്നു.