പുതിയ പൗരത്വനിയമത്തിന് പച്ചക്കൊടി കാട്ടി ജര്‍മനി; 2022ല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ വിസ അനുവദിച്ചത് ഇന്ത്യക്കാര്‍ക്ക്


പുതിയ പൗരത്വനിയമത്തിന് അനുമതി നല്‍കി ജര്‍മനി. ആഭ്യന്തര, കമ്യൂണിറ്റി (ബിഎംഐ) തയ്യാറാക്കിയ കരട് നിയമനിര്‍മാണത്തിന് ജര്‍മന്‍ ഫെഡറല്‍ കാബിനറ്റ് അംഗീകാരം നല്‍കി. ഇതോടെ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമുള്ളതായി മാറും. പുതിയ നിയമത്തിന് കീഴില്‍ വിദേശികള്‍ക്ക് പൗരത്വം ലഭിക്കാന്‍ രാജ്യത്ത് എട്ടുവര്‍ഷം താമസിക്കണമെന്ന കാലപരിധി അഞ്ചുവര്‍ഷമായി കുറയും.

ജര്‍മനിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അവരുടെ മാതാപിതാക്കളിലൊരാള്‍ അഞ്ചുവര്‍ഷമായി രാജ്യത്ത് താമസിക്കുന്നുണ്ടെങ്കില്‍ പൗരത്വം നല്‍കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ജര്‍മന്‍ ഭാഷാ വൈദഗ്ധ്യമുള്‍പ്പടെ ജര്‍മനിയുമായി ഉയര്‍ന്ന തലത്തിലുള്ള ബന്ധം തെളിയിക്കാന്‍ കഴിഞ്ഞാല്‍ അപേക്ഷകര്‍ക്ക് മൂന്ന് വര്‍ഷത്തിന് ശേഷം പൗരത്വം നേടാനാകും. 1960-കളിലും 70-കളിലും അതിഥി തൊഴിലാളികളായി ജര്‍മനിയില്‍ എത്തി, തലമുറകളായി ഇവിടെ കഴിയുന്നവര്‍ക്ക് ജര്‍മന്‍ ഭാഷാ വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള എഴുത്തുപരീക്ഷ വിജയിക്കേണ്ടതില്ല.

എന്നാല്‍, ജര്‍മന്‍ ഭാഷ പറയാന്‍ അറിഞ്ഞിരിക്കണം. ‘സായുധ സേനയിലോ അല്ലെങ്കില്‍ ഒരു വിദേശ രാജ്യത്തിന്റെ താരതമ്യപ്പെടുത്താവുന്ന സായുധ സംഘടനയിലോ ചേരുകയോ ചെയ്താല്‍’ ഇരട്ട, അല്ലെങ്കില്‍ ഒന്നിലധികം പൗരത്വം അനുവദിക്കും. അപ്പോള്‍ ജര്‍മന്‍ പൗരത്വം നഷ്ടമാകും. ഈ കാലയളവിലുടനീളം പൂര്‍ണമായ താമസ, തൊഴില്‍ അവകാശങ്ങള്‍ ഉള്ളവര്‍ക്കും ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരുമായ ആളുകള്‍ക്ക് മാത്രമേ ഈ മാറ്റങ്ങള്‍ ബാധകമാകൂ.

യോഗ്യത ഇല്ലാത്തത് ആര്‍ക്കൊക്കെ?

വംശീയ അധിക്ഷേപം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തികള്‍ക്ക് പൗരത്വം ലഭിക്കില്ല. സ്വതന്ത്ര്യ ജനാധിപത്യ വ്യവസ്ഥിതിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത, യഹൂദവിരുദ്ധ, വംശീയ അധിക്ഷേപം അല്ലെങ്കില്‍ മറ്റ് അപകീര്‍ത്തികരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ആളുകള്‍ക്ക് പുതിയ നിയമത്തിന്റെ കീഴില്‍ ജരമന്‍ പൗരത്വം നിഷേധിക്കപ്പെടും. അതേസമയം, വിദേശ പൗരന്മാര്‍ തങ്ങളുടെ സ്വന്തം രാജ്യത്തിലെ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നുണ്ടെങ്കിൽ പൗരത്വത്തിന് യോഗ്യതയുണ്ടാകില്ല. സ്വന്തം രാജ്യത്തേക്ക് കടക്കുന്നത് നിരോധിച്ചതിനാല്‍ ദീര്‍ഘകാലമായി ജര്‍മനിയില്‍ തുടരുന്ന അഭയാര്‍ഥികള്‍ക്കും പൗരത്വത്തിന് യോഗ്യതയുണ്ടാവില്ല.

അപേക്ഷകര്‍ ജര്‍മനി അവരുടെ താമസസ്ഥലമാണെന്ന് തെളിയിക്കേണ്ടതുണ്ട്. കൂടാതെ, തങ്ങളുടെ വരുമാനം അവിടെ ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഒരേ സമയം ഒന്നിലധികം വിവാഹം കഴിച്ചവരോ അല്ലെങ്കില്‍ ജര്‍മനിയുടെ അടിസ്ഥാന നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും തുല്യാവകാശങ്ങള്‍ ലംഘിക്കുന്നവര്‍ക്കും പൗരത്വം ലഭിക്കില്ല. നിലവില്‍ ജര്‍മനിയിലുള്ള 12 മില്ല്യണ്‍ വിദേശ പൗരന്മാരില്‍ ഏകദേശം 5.3 മില്ല്യണ്‍ പേര്‍ കുറഞ്ഞത് പത്ത് വര്‍ഷമായി രാജ്യത്തു താമസിച്ചുവരുന്നുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ജര്‍മനിയിലുള്ള വിദേശികളില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 2.45 ശതമാനം പേര്‍ മാത്രമാണ് ജര്‍മന്‍ പൗരത്വം സ്വീകരിച്ചിരിക്കുന്നതു. ഇരട്ട, അല്ലെങ്കില്‍ ഒന്നിലധികം പൗരത്വം ജര്‍മനി അംഗീകരിക്കാത്തതാണ് ഈ നിരക്ക് കുറയാന്‍ കാരണം 2022-ല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ വിസ നല്‍കിയത് ഇന്ത്യന്‍ പൗരന്മാര്‍ക്കാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ 1.52 വിദേശ പൗരന്മാര്‍ക്കാണ് ദേശീയ തൊഴില്‍ വിസ അനുവദിച്ചത്. അതില്‍ 17,379 പേര്‍ ഇന്ത്യക്കാരാണ്. ബെംഗളൂരുവിലെ ജര്‍മന്‍ സ്ഥാനപതി കാര്യാലയം വഴിയാണ് അതില്‍ ഭൂരിഭാഗം തൊഴില്‍ വിസയും അനുവദിച്ച് നല്‍കിയത്. ഇന്ത്യകഴിഞ്ഞാല്‍ തുര്‍ക്കി പൗരന്മാര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ജര്‍മനി കൂടുതല്‍ തൊഴില്‍ വിസ അനുവദിച്ചത്. മൂന്നാം സ്ഥാനത്ത് സെര്‍ബിയ ആണ്.

നഴ്‌സിങ് പഠന ശാക്തീകരണ നിയമം ജര്‍മനി അവതരിപ്പിച്ചു

നഴ്‌സിങ് മേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നിനും നഴ്‌സിങ് പരിശീലന അലവന്‍സിലെ പുഴുതുകള്‍ അടയ്ക്കുന്നതും ലക്ഷ്യമിട്ടുള്ള നഴ്‌സിങ് പഠന ശാക്തീകരണ നിയമം ജര്‍മനി അവതരിപ്പിച്ചു. നഴ്‌സിങ് മേഖലയിലെ ജോലിക്കാരുടെ ക്ഷാമം കുറയ്ക്കുന്നതിനായി അന്താരാഷ്ട്ര ബിരുദങ്ങള്‍ക്ക് അംഗീകാരം നല്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് ബിരുദം സ്വന്തമാക്കിയ നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ ജോലിചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കും.

ഓരോ വര്‍ഷവും ജര്‍മന്‍ അക്കാദമിക് എക്‌സ്‌ചേഞ്ച് സര്‍വീസ് (ഡിഎഎഡി) 30 ഡിജിറ്റൽ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമോ കുടുംബത്തിലെ ഉത്തരാവിദാത്വങ്ങള്‍ നിറവേറ്റണ്ടത് മൂലമോ ബിരുദാനന്തര ബിരുദം നേടാന്‍ കഴിയാതെ വന്ന എന്നാല്‍ ഇത് നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കുക. ഉദ്യോഗാര്‍ഥികളുടെ പൗരത്വം പരിഗണിക്കാതെയായിരിക്കും സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. 2022-ല്‍ ജര്‍മനിയില്‍ 4.40 ലക്ഷം വിദേശ വിദ്യാര്‍ഥികളാണ് ഉള്ളത്. ഇതില്‍ 33,753 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ സെര്‍ച്ച് പ്ലാറ്റ്‌ഫോമായ എറുഡേരയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.