ചാവേറാക്രമണം നടത്തുമെന്ന് ഭീഷണി; ഹിജാബ് ധരിച്ചെത്തിയ യുവതിയെ പോലീസ് വെടിവെച്ചു വീഴ്ത്തി


ചാവേറാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവതിയെ പോലീസ് വെടിവെച്ച് വീഴ്ത്തിയതായി റിപ്പോർട്ട്‌. ഇന്നലെ രാവിലെ പാരീസ് മെട്രോ സ്റ്റേഷനിൽ ആണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ ഒരു സ്ത്രീ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറുകയായിരുന്നു എന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. “അല്ലാഹു അക്ബർ” നിങ്ങൾ എല്ലാവരും മരിക്കാൻ പോകുന്നു” എന്ന് ആക്രോശിച്ചുകൊണ്ട് ചാവേറാക്രമണം നടത്തും എന്നായിരുന്നു യുവതിയുടെ ഭീഷണി. എന്നാൽ ഭീഷണി അവസാനിപ്പിക്കാനായി പോലീസ് നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചതോടെ ആണ് യുവതിയ്ക്ക് നേരെ പോലീസ് വെടിയുതിർത്തത്

വയറ്റിൽ വെടിയുണ്ടകൾ തുളച്ചു കയറി പരിക്കേറ്റ ഇവർക്ക് അടിയന്തര വൈദ്യസഹായം നൽകിയിട്ടുണ്ടെന്ന് അഗ്നിശമന സേന അറിയിച്ചു. അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിയുടെ നില ഗുരുതരമാണെന്നും റിപ്പോർട്ട് ഉണ്ട്. അതേസമയം യുവതിയുടെ പക്കൽ നിന്നും സ്‌ഫോടക വസ്തുക്കളോ മറ്റ് ആയുധങ്ങളോ കണ്ടെത്തിയിട്ടില്ല. ബിബ്ലിയോതെക്ക് നാഷണൽ ഡി ഫ്രാൻസ് സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്.

എന്നാൽ സ്ത്രീയുടെ പെരുമാറ്റം കണക്കിലെടുത്ത് ഇവർ ഒരു ഇസ്ലാമിക് തീവ്രവാദിയാകാം എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതിനെ തുടർന്ന് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാ.യി മെട്രോ സ്‌റ്റേഷൻ അധികൃതർ അടിയന്തരമായി അവിടം ഒഴിപ്പിച്ചു.

അതേസമയം നേരത്തെ ഫ്രാൻസിലെ വടക്കൻ നഗരമായ അറാസിൽ സ്കൂളിലുണ്ടായ കത്തി ആക്രമണത്തിൽ ഒരു അധ്യാപകൻ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഈ സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയായ 20 കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ സംഭവത്തിലും “അല്ലാഹു അക്ബർ” എന്ന് വിളിച്ചുകൊണ്ടാണ് അക്രമി പാഞ്ഞടുത്തതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണത്തിൽ സ്‌കൂളിലെ തന്നെ മറ്റൊരു അധ്യാപകനും സുരക്ഷാ ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റിരുന്നു.